മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ വിലക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിലക്ക് നടപ്പിൽവരുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി ഏറെ നാളായി നടത്തി വരുന്നുണ്ട്.
കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിയിലും പേപ്പറിലും മറ്റ് ഒാർഗാനിക് വസ്തുക്കളിലും നിർമിച്ച ഒന്നിൽ കൂടുതൽ പ്രാവശ്യം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകൾ ഉപയോഗിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഉപേക്ഷിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതിനാലാണ് അവക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. വിലക്ക് ലംഘിക്കുന്നവർക്ക് നൂറുമുതൽ രണ്ടായിരം റിയാൽ വരെ പിഴ ചുമത്തുകയാണ് ചെയ്യുക. കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ മലിനീകരണ നിയന്ത്രണ നിയമമനുസരിച്ച് കടുത്ത പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
പുതിയ സംവിധാനം നടപ്പാക്കുന്നതിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തണമെന്ന് അതോറിറ്റി വ്യാപാര സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഒന്നിൽകൂടുതൽ പ്രാവശ്യം ഉപയോഗിക്കാൻ കഴിയുന്ന ബാഗുകളിലേക്ക് മാറുന്നത് പ്രകൃതിയോട് ചെയ്യുന്ന ഏറ്റവും വലിയ ഒൗദാര്യമാണ്. പ്ലാസ്റ്റിക്കിനെ അകറ്റാനുള്ള ബോധവത്കരണ ഭാഗമായി പൊതുസ്ഥലങ്ങളിലും നഗരങ്ങളിലും ബോധവത്കരണ പരസ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ ഉപയോഗവും ഒഴിവാക്കേണ്ടതുണ്ട്. റീസൈക്കിൾ ചെയ്യാൻ പറ്റിയ പ്ലാസ്റ്റിക്കുകളാണ് ഉപയോഗിക്കേണ്ടത്. ഇതനുസരിച്ച് 40 മൈക്രോൺസിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുക. നിലവിലുള്ള ബാഗിനേക്കാൾ കട്ടികൂടിയ ബാഗായിരിക്കും ഇത്. തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ അൽപം സൗകര്യക്കുറവ് അനുഭവപ്പെടും. നിലവിലെ പ്ലാസ്റ്റിക് ക്യാരിബാഗുകൾ മാറ്റാൻ വ്യാപാര സ്ഥാപനങ്ങളും ഒരുങ്ങി ക്കഴിഞ്ഞു.
തങ്ങളുടെ സ്ഥാപനങ്ങളിൽ ഒന്നാം തീയതി മുതൽ തന്നെ മന്ത്രാലയം നിർദേശിച്ച നിലവാരത്തിലുള്ള പുതിയ സഞ്ചികൾ നിലവിൽ വരുമെന്ന് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു. 40 മൈക്രോൺസിന് മുകളിലുള്ള സഞ്ചികൾക്ക് ഒരുമാസം മുമ്പ് തന്നെ ഒാർഡർ നൽകിയിട്ടുണ്ട്. നിലവിലുള്ള സഞ്ചികളെക്കാൾ വില കൂടിയതാണ് ഇത്. നിലവിലുള്ളതിനെക്കാൾ 35 ശതമാനമെങ്കിലും അധിക വില നൽകേണ്ടി വരും. ലാർജ്, മീഡിയം എന്നീ രണ്ടുതരം സഞ്ചികളാണ് തുടക്കത്തിൽ ഉപയോഗിക്കുക.
പുതിയ സഞ്ചികൾക്ക് ഭംഗി കുറയുമെന്നും ആരംഭത്തിൽ ഉപഭോക്താവിന് ചെറിയ പ്രയാസം നേരിടുമെന്നും ഹാരിസ് പറഞ്ഞു. തങ്ങളുടെ പേരുകൾ പ്രിൻറ് ചെയ്ത സഞ്ചികൾ ഒമാനിൽ തന്നെയാണ് ഉൽപാദിപ്പിക്കുന്നത്. ഇതുസംബന്ധമായ സർക്കാർ പ്രഖ്യാപനം വന്നപ്പോൾ തന്നെ ഒമാനിലെ ചില കമ്പനികൾ പുതിയ രീതിയിൽ സഞ്ചികൾ നിർമിക്കാനുള്ള സംവിധാനം ഉണ്ടാക്കിയിരുന്നു. മറ്റു കമ്പനികളിലും ഇൗ രീതിയിൽ സംവിധാനമുണ്ടാകുന്നതോടെ സഞ്ചികളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.