മസ്കത്ത്: സർക്കാർ ഓഫിസുകളിലും സ്വകാര്യ സ്കൂളുകളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയേക്കും. ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ആരോഗ്യമന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദർ ബിൻ സൈഫ് അൽ റവാഹിയാണ് ഇക്കാര്യമറിയിച്ചത്.
നിലവിലെ ധാരണ പ്രകാരം ഒക്ടോബർ അവസാനത്തോടെ രാജ്യത്ത് അമ്പത് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തും. നിലവിൽ പ്രതിവാരം രണ്ടര ലക്ഷം, പ്രതിമാസം 12.5 ലക്ഷം ഡോസ് എന്ന നിലയിലാണ് വാക്സിെൻറ വിതരണം. ഇത് തുടരും. ജൂലൈ അവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനം പേർക്ക് വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. ചില ഗവർണറേറ്റുകളിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ബദർ അൽ റവാഹി പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതാണ് ഇത്തരം വിമുഖതക്ക് കാരണം.
മസ്കത്ത്, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിൽ വാക്സിനേഷൻ നൂറ് ശതമാനമായി. അതേസമയം ദോഫാർ ഗവർണറേറ്റിൽ 40 ശതമാനത്തിൽ തുടരുകയാണ്. വാക്സിൻ എടുക്കുന്നതിനുള്ള വിമുഖതയാണ് ഇതിനു കാരണം. കോവിഡിനെതിരായ ശക്തിയേറിയ ആയുധം വാക്സിൻ ആണെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ പകർച്ചവ്യാധി രോഗ വിഭാഗം കൺസൾട്ടൻറ് ഡോ.സൈദ് അൽ ഹിനായി പറഞ്ഞു. പ്രതിമാസം ജനസംഖ്യയുടെ 15 മുതൽ 20 ശതമാനം വരെ എന്ന തോതിൽ വാക്സിനേഷന് വിധേയമാക്കണം. എന്നാൽ മാത്രമേ വേഗത്തിൽ സമൂഹിക പ്രതിരോധ ശേഷി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മസ്കത്ത് ഗവർണറേറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേന്ദ്രങ്ങൾ മാറിയതായി സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണ്. സീബിൽ അലെൻബഹ സ്കൂൾ ഫോർ ബേസിക് എജുക്കേഷൻ, ബോഷറിൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ്, ഖുറിയാത്ത് പോളിക്ലിനിക്ക്, വതയ്യയിൽ ഇമാം ജാബിർ ബിൻ സൈദ് സ്കൂൾ, അമിറാത്തിൽ ഗവർണറുടെ ഓഫിസ് എന്നിവിടങ്ങളിലാണ് വാക്സിനേഷൻ. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് വാക്സിനേഷെൻറ സമയം.
വാക്സിനേഷെൻറ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച ബോധവത്കരണത്തിെൻറ ഫലമായി വാക്സിനെടുക്കുന്നവരുടെ എണ്ണത്തിൽ പൊതുവെ വർധനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം വർധിപ്പിച്ചതിനൊപ്പം മൊബൈൽ വാക്സിനേഷൻ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷത്തിലധികം ഡോസ് ഫൈസർ വാക്സിൻ ഒമാനിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.