മസ്കത്ത്: വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾ കനത്ത പിഴശിക്ഷക്കൊപ്പം സ്ഥാപനം അടച്ചിടുന്നത് ഉൾപ്പെടെ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും. രാത്രി എട്ട് മുതൽ പുലർച്ച അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ വക്താവ് അറിയിച്ചു. നിയമലംഘനം ആവർത്തിക്കുന്നപക്ഷം പിഴ 1000 റിയാലായി ഉയരും. നിയമലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാനടപടികൾക്കും വിധേയരാകേണ്ടിവരുമെന്ന് നഗരസഭ വക്താവ് മുന്നറിയിപ്പ് നൽകി.
ഏതെങ്കിലും സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെടുന്ന പക്ഷം സ്വദേശികളും വിദേശികളും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മസ്കത്ത് നഗരസഭയുടെ കാൾ സെൻറർ നമ്പറായ 1111ലും വിളിച്ച് നിയമലംഘനത്തെ കുറിച്ച് അറിയിക്കാം. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ നഗരസഭയുടെ അർബൻ ഇൻസ്പെക്ഷൻ സംഘാംഗങ്ങൾ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.ലംഘനങ്ങൾ കണ്ടെത്തുന്നപക്ഷം റോയൽ ഒമാൻ പൊലീസും പബ്ലിക് പ്രോസിക്യൂഷനുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.