മസ്കത്ത്: തൊഴിലാളികൾക്ക് ഉച്ചവിശ്രമം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് 250 കേസുകൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. ജൂൺ ഒന്നിനാണ് രാജ്യത്ത് ഉച്ചവിശ്രമ വേള നിയമം പ്രാബല്യത്തിൽവന്നത്.രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ തൊഴിൽമന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. നിയമം പാലിക്കാത്ത കമ്പനികൾക്കും മറ്റുമെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷനൽ ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം മേധാവി എൻജിനീയർ സക്കറിയ ബിൻ ഖമീസ് അൽ സാദി പറഞ്ഞു.
ഒമാൻ തൊഴിൽനിയമം ആർട്ടിക്കിൾ 16 അനുസരിച്ചാണ് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ വിശ്രമം നൽകാൻ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്ന അവധി നൽകുന്നത്. ഉച്ചവിശ്രമം നടപ്പാക്കാൻ തൊഴിൽസ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണം ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ട്.
ഇത് ലംഘിക്കുന്നവർക്കെതിരെ 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒന്ന് അനുഭവിക്കേണ്ടിവരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാ നിർമാണ, തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയങ്ങളിൽ ജോലി നിർത്തിവേക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്മെന്റ് മേധാവി സക്കറിയ ഖമീസ് അൽ സാദി അറിയിച്ചിട്ടുണ്ട്.
\എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ നൽകൽ, ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾ തണുപ്പുള്ള സമയങ്ങളിലേക്ക് പുനഃക്രമീകരിക്കൽ, ജീവനക്കാർ 45 മിനിറ്റ് ജോലിചെയ്യുന്ന റൊട്ടേഷനൽ സംവിധാനം, തുടർന്ന് 15 മിനിറ്റ് ഇടവേള എന്നിവ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളും സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ധനസ്റ്റേഷനുകളിൽ ഉച്ചസമയത്ത് അത്യാവശ്യമല്ലാതെ ഇന്ധനം നിറക്കുന്നത് ഒഴിവാക്കാൻ കമ്യൂണിറ്റി ബോധവത്കരണ കാമ്പയിനുകളും മന്ത്രാലയം നടത്തിയിരുന്നു.
ഉച്ചസമയങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ കണ്ടെത്തിയാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 118ലെ വ്യവസ്ഥകളനുസരിച്ച് മന്ത്രാലയം നിയമനടപടികൾ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്ക് ഫോഴ്സ് നിരീക്ഷിക്കും. കേസ് ആവർത്തിക്കുന്ന സാഹചര്യത്തിൽ ജുഡീഷ്യൽ അധികാരികൾക്ക് കൈമാറും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെക്കുറിച്ച് ഫോൺ വഴിയോ മന്ത്രാലയത്തിന്റെ വെബ്സൈറ്റുകൾ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികൾക്ക് ആവശ്യമായ വിശ്രമസമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽമന്ത്രാലയം വരുംദിവസങ്ങളിലും പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.