മസ്കത്ത്: വാദി കബീർ വ്യവസായ മേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ തീപിടിത്തത്തിൽ കത്തിയമർന്നത് പത്തോളം സ്ഥാപനങ്ങൾ. പ്രദേശത്തെ ചെറിയ പള്ളിയും കത്തി. 50ലധികം വാഹനങ്ങളും കത്തിനശിച്ചു. വൻ തുകയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് തീപിടിത്തം ആരംഭിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെ മാത്രമാണ് തീ പൂർണമായി അണക്കാൻ സാധിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പാകിസ്താൻ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ക്രാപ് ഉൽപന്നങ്ങളുടെ യാർഡിൽനിന്നാണ് തീ പടർന്നത്. തുടർന്ന് ഇത് സമീപത്തെ എൻജിൻ ഒായിൽ ഉൽപന്നങ്ങളും മറ്റും വിൽപന നടത്തുന്ന സ്ഥാപനത്തിെൻറ വെയർഹൗസിലേക്കും ഒാഫിസിലേക്കും പടർന്നു.
ഒായിലിന് തീ പിടിച്ചതിന് ഒപ്പം കാറ്റും കൂടിയായതോടെ അഗ്നിബാധ നിയന്ത്രണാതീതമായി. ആകാശത്തേക്ക് ഉയർന്ന കട്ടിയുള്ള പുക കിലോമീറ്ററുകൾ അകലെ വരെ കാണാമായിരുന്നു. ഫയർഫോഴ്സ് തീ അണക്കാൻ വെള്ളമടിച്ചതിനെ തുടർന്ന് വെള്ളത്തിനൊപ്പം ഒായിലും സനയ്യയിലെ റോഡിലേക്ക് ഒലിച്ചെത്തി. ഇതേതുടർന്ന് നിയന്ത്രണംവിട്ട് ചില വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു. തങ്ങൾക്കു മാത്രം രണ്ട് ലക്ഷത്തോളം റിയാലിെൻറ നഷ്ടമുണ്ടായതായി എൻജിൻ ഒായിൽ വിൽപന നടത്തുന്ന സ്ഥാപനത്തിെൻറ വർക്കിങ് പാർട്ണറായ കോഴിക്കോട് സ്വദേശി പറഞ്ഞു. വെയർഹൗസിനും ഒാഫിസിനും പുറമെ ഒരു വാഹനവും കത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ ആയതിനാൽ സ്ഥാപനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമല്ല.
വർക്ക്ഷോപ്പുകളും ഉപയോഗിച്ച കാറുകളുടെ ഘടകങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളും മറ്റുമാണ് കത്തിപ്പോയ മറ്റു സ്ഥാപനങ്ങൾ. വർക്ക്ഷോപ്പുകളിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബി.എം.ഡബ്ല്യു അടക്കം കാറുകളാണ് കത്തിപ്പോയതിൽ ഭൂരിപക്ഷവും. തീയണക്കാൻ നിസ്വയിൽ നിന്നടക്കം ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയിരുന്നു. ഗതാഗത നിയന്ത്രണത്തിനും മറ്റുമായി പൊലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭ ജീവനക്കാരും രാത്രി മുതൽ രംഗത്ത് ഉണ്ടായിരുന്നു. ഒായിൽ പരന്നൊഴുകിയതുമൂലമുള്ള അപകടം ഒഴിവാക്കാൻ രാത്രിയോടെ റോഡിൽ മണ്ണ് വിരിച്ചു. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വ്യവസായ മേഖലയിൽ വർഷത്തിൽ ശരാശരി ആയിരം മുതൽ 1300 വരെ തീപിടിത്തങ്ങളാണ് ഒമാനിൽ ഉണ്ടാകാറുള്ളത്. കോവിഡ് ലോക്ഡൗൺ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് ദൃശ്യമായിരുന്നു. മോശം വൈദ്യുതി ഫിറ്റിങ്സുകളും വയറിങ്ങുകളും ഷോർട്ട് സർക്യൂട്ടും ഫയർ എക്സ്റ്റിങ്ഗ്വിഷറുകളുടെ അഭാവവുമാണ് വ്യവസായ സ്ഥാപനങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണമെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.