മസ്കത്ത്: താമസമേഖലകളിൽ വെയർഹൗസുകളും വാണിജ്യ വർക്ക്ഷോപ്പുകളും പാടില്ലെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. വെയർഹൗസുകളുടെയും മറ്റും പ്രവർത്തനം സ്വൈരജീവിതത്തെ ബാധിക്കുന്നതായി ജനങ്ങളുടെ പരാതികളുണ്ടെന്ന് മസ്കത്ത് നഗരസഭ അർബൻ ഇൻസ്പെക്ഷൻ വിഭാഗം ഡയറക്ടർ ഖാലിദ് അൽ റഹ്ബി പറഞ്ഞു. താമസമേഖലകളിൽ ഒരു തരത്തിലുമുള്ള വ്യവസായിക പ്രവർത്തനങ്ങളും അനുവദിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾ തടയുന്നതിന് ഭവന വകുപ്പുമായി ചേർന്ന് പരിശോധന നടന്നുവരുകയാണ്. ആധാരത്തിൽ ഏതു തരം പ്രവർത്തനത്തിനാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പരിശോധിക്കുന്നതെന്നും നിയമലംഘനം കണ്ടെത്തിയാൽ വേണ്ട നടപടിയെടുക്കുമെന്നും അൽ റഹ്ബി പറഞ്ഞു.
താമസമേഖലകൾക്ക് അടുത്ത് വർക്ഷോപ്പുകളോ കമ്പനികളോ ക്രഷറുകളോ സ്ഥാപിക്കുന്നതും കെട്ടിടനിർമാണ വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനം ആരംഭിക്കുന്നതും നഗര ഭരണത്തിലെ 115ാം ആർട്ടിക്കിൾ പ്രകാരം അനുവദനീയമല്ല. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടും ശല്യവും ഉണ്ടാകുമെന്നതിനാലാണ് ഇവ അനുവദനീയമല്ലാത്തത്. ബിൽഡിങ് പെർമിറ്റ് പ്രകാരം രജിസ്റ്റർ ചെയ്ത ആവശ്യത്തിന് മാത്രമേ വസ്തുവകകൾ ഉപേയാഗിക്കാൻ പാടുള്ളൂവെന്നാണ് നിയമം നിഷ്കർഷിക്കുന്നതെന്ന് അൽ റഹ്ബി പറഞ്ഞു. താമസമേഖലകൾക്ക് മധ്യത്തിലുള്ള വെയർഹൗസുകൾ താമസക്കാർക്ക് പലവിധ ശല്യങ്ങളുണ്ടാക്കുന്നതാണ്. ഇങ്ങോട്ട് വരുന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും താമസമേഖലകളിൽ ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും കാരണമാകുന്നു. ഇത്തരം ശല്യങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇൗ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പ്രത്യേക മേഖല അനുവദിച്ചിട്ടുണ്ടെന്ന് അൽ റഹ്ബി പറഞ്ഞു.
സ്റ്റോറുകളുടെ സാന്നിധ്യം കീടങ്ങളും എലിയും മറ്റും പെരുകാനും അലഞ്ഞുതിരിയുന്ന മൃഗങ്ങൾ കൂടാനും കാരണമാകും. ഇത് അനാരോഗ്യകരമായ സാഹചര്യത്തിന് വഴിവെക്കും. തീപിടിത്തങ്ങൾക്കുള്ള സാധ്യതയും ഇത്തരം സാഹചര്യങ്ങളിൽ കൂടുതലാണെന്നും അൽ റഹ്ബി ചൂണ്ടിക്കാട്ടി. വെയർഹൗസുകൾക്കുവേണ്ടി കെട്ടിടത്തിെൻറ രൂപത്തിൽ വരുത്തുന്ന മാറ്റങ്ങളാകെട്ട അപകടസാധ്യത വർധിപ്പിക്കുന്നു. അനുമതി ലഭിച്ച പെർമിറ്റിൽ ഒരു മാറ്റവും വരുത്താനും നഗരസഭ കെട്ടിടനിർമാണ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ ഭക്ഷണങ്ങളും മറ്റു ഉൽപന്നങ്ങളും വാണിജ്യാടിസ്ഥാനത്തിൽ ശേഖരിച്ചുവെക്കുന്ന പ്രവണത ഒഴിവാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. വ്യവസായ മേഖലകളേക്കാൾ വാടക കുറവാണ് എന്നതാണ് ആളുകളെ ഇത്തരം അനധികൃത വെയർഹൗസുകൾ ജനവാസമേഖലകളിൽ സ്ഥാപിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അൽ റഹ്ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.