മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായെത്തിയ യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഒമാനിൽ ഊഷ്മള വരവേൽപ്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപര്യമുള്ള മറ്റ് കാര്യങ്ങളും ചർച്ചചെയ്തു. ആദരസൂചകമായി ഖാസിമിക്കും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധിസംഘത്തിനും സുൽത്താൻ ഉച്ചഭക്ഷണവും നൽകി.
ഒമാൻ ഭാഗത്തുനിന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദി യസീൻ ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വാർത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി എന്നിവർ പങ്കെടുത്തു. സ്വീകരണത്തിനും ഉദാരമായ ആതിഥ്യമര്യാദക്കും അതിഥികൾ ആത്മാർഥമായ നന്ദി രേഖപ്പെടുത്തി.
സുൽത്താന് ആരോഗ്യവും ദീർഘായുസ്സും നേരുകയും അദ്ദേഹത്തിന് കീഴിൽ ഒമാന് കൂടുതൽ വികസനവും പുരോഗതിയും കൈവരിക്കട്ടെയെന്നും ആശംസിച്ചു. ചൊവ്വാഴ്ച രാവിലെ ഒമാനിലെത്തിയ ഷാർജ ഭരണാധികാരിയേയും പ്രതിനിധിസംഘത്തേയും റോയൽ കോർട്ട് ദിവാൻ മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖിറ അൽ ദഹേരി എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മസ്കത്തിലെ യു.എ.ഇ എംബസിയിലെ നിരവധി അംഗങ്ങളും സംബന്ധിച്ചു.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖീറ അൽ ദഹേരി, സാംസ്കാരിക, ഇൻഫർമേഷൻ വകുപ്പ് ചെയർമാൻ അബ്ദുല്ല അൽ ഉവൈസ് എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണ് ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അനുഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.