വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്നതിനായി നാമ വാട്ടർ സർവിസസ് കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖ അണക്കെട്ടിൽ ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് നാമ വാട്ടർ സർവിസസ് കരാറിൽ ഒപ്പുവെച്ചു. ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി 55 ദശലക്ഷം റിയാൽ ചെലവിലാണ് ഒരുക്കുക. നാമ വാട്ടർ സർവിസസിന്റെ സി.ഇ.ഒ ഖായിസ് ബിൻ സൗദ് അൽ സക്വാനിയും പദ്ധതിയുടെ നിർവഹണ കമ്പനിയായ അൽ തായർ എൻജിനീയറിങ് സർവിസസ് കമ്പനിയുടെ ചെയർമാൻ സുൽത്താൻ ബിൻ അബ്ദുല്ല അൽ ജാഫരിയും ആണ് കരാറിൽ ഒപ്പിട്ടത്.
കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പങ്കെടുത്തു. ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിലും വരിക്കാർക്ക് സ്ഥിരമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്നതിനുമായുള്ള ഗവൺമെന്റിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതിയൊരുങ്ങുന്നത്. പ്രത്യേകിച്ച് അപ്രതീക്ഷിത കാലാവസ്ഥയും മറ്റും ഉണ്ടാകുമ്പോൾ ജലവിതരണം ഉറപ്പാക്കുന്നതിനാണ് ഈ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.
കാർഷിക മേഖലയെ പിന്തുണക്കുന്ന തരത്തിലുമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയവുമായി സഹകരിച്ച് ഖുറിയാത്ത് വിലായാത്തിലേക്ക് ഉൽപാദിപ്പിക്കുന്ന വെള്ളം എത്തിക്കും. ഇതിലൂടെ ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 20 വർഷത്തെ പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) കരാറിന് കീഴിലാണ് ജലശുദ്ധീകരണ പ്ലാന്റ് നിർമിക്കുക. പ്ലാന്റിന്റെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണം 22 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
പ്രതിദിനം 65,000 ക്യുബിക് മീറ്റർ മൊത്തം ഉൽപാദന ശേഷിയുണ്ടാകും ഇതിന്. പ്രതിദിനം 35,000 ക്യുബിക് മീറ്റർ കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന വിതരണ ശൃംഖലയായ നാമ വാട്ടർ സർവിസസിലേക്ക് വഴിതിരിച്ചുവിടും. ബാക്കി 30,000 ക്യുബിക് മീറ്റർ കാർഷിക ജലസേചനത്തിനായി സമർപ്പിക്കും. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഖുറിയാത്ത് വിലായത്തിലെ ഫാമുകൾക്ക് സേവനം നൽകുന്ന ശൃംഖല വഴി വിതരണം ചെയ്യും.
വാദി ദൈഖ അണക്കെട്ട് ജലശുദ്ധീകരണ പ്ലാന്റ് ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. അണക്കെട്ടിനെ ഈ സൗകര്യവുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ ജലപ്രസരണ ലൈനിനൊപ്പം ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണവും അനുബന്ധ പമ്പിംഗ് സ്റ്റേഷനും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.