സലാല: കോവിഡ് –19 പ്രതിസന്ധിമൂലം നാട്ടിലേക്ക് മടങ്ങുന്നവരിൽ വിമാന ടിക്കറ്റെടുക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്ന സലാലയിലുള്ളവർക്ക് സൗജന്യമായി ടിക്കറ്റുകൾ നൽകുമെന്ന് വെൽഫെയർ ഫോറം സലാല പ്രസ്താവിച്ചു. 10 പേർക്കാണ് ഒന്നാം ഘട്ടത്തില്‍ സൗജന്യ ടിക്കറ്റ് നല്കാന് ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ വെൽഫെയർ ഫോറം സലാല വാർത്തക്കുറിപ്പിൽ അറിയിച്ചു. ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയവരിൽനിന്ന് അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകുക. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 300 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് ഈ പദ്ധതി.
എംബസികൾക്ക് കീഴിലുള്ള കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് ടിക്കറ്റ് നൽകാതെ കേന്ദ്രസർക്കാർ ഇരട്ടി ചാർജ് ഈടാക്കുന്നത് കൊടുംക്രൂരതയാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ മാസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കുവേണ്ടി കാത്തിരിക്കുന്നവരുണ്ട്. അവരുടെ ടിക്കറ്റ് തുക എത്രയും വേഗം പൂർണമായും മടക്കിനൽകാൻ എയർ ഇന്ത്യ സന്നദ്ധമാകണം. എംബസി രജിസ്ട്രേഷൻ നടത്തിയവരിൽനിന്ന് യാത്രക്ക് തിരഞ്ഞെടുക്കുന്ന പ്രക്രിയ സുതാര്യമാക്കണമെന്നും വെൽഫെയർ ഫോറം സലാല അഭ്യർഥിച്ചു. ആക്ടിങ് പ്രസിഡൻറ് തഴവ രമേഷ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, മറ്റു ഭാരവാഹികളായ വഹീദ് ചേന്ദമംഗലൂർ, സജീബ് ജലാൽ, മൻസൂർ നിലമ്പൂർ, പി.ടി. ശബീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.