മസ്കത്ത്: വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായുള്ള ഒമാനിലെ ആദ്യ വൻകിട കാറ്റാടിപ്പാടം 2020 ഒാടെ പ്രവർത്തന സജ്ജമാകും. ദോഫാർ ഗവർണറേറ്റിലെ ഹർവീലിലാണ് പദ്ധതി വരുന്നത്.
25 കാറ്റാടികളാകും സ്ഥാപിക്കുക. ഇതിൽനിന്ന് അമ്പത് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനിയുടെ ഏഴുവർഷത്തെ കർമപദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനി (റായ്കോയും) പുനരുപയോഗിക്കുന്ന ഉൗർജഗവേഷണ രംഗത്ത് പ്രവർത്തിക്കുന്ന മിഡിലീസ്റ്റിലെ പ്രമുഖ സ്ഥാപനമായ മസ്ദറും ചേർന്നാണ് പദ്ധതി വികസിപ്പിച്ചെടുക്കുന്നത്. ഇതിെൻറ നിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു. ഏതാനും നടപടികൾ കൂടി പൂർത്തിയാക്കി ഇൗ വർഷം തന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.
ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനിയുമായുള്ള പവർ പർച്ചേഴ്സ് എഗ്രിമെൻറ് പ്രകാരമായിരിക്കും പദ്ധതി പ്രവർത്തിക്കുക. നേരത്തേയുള്ള റിപ്പോർട്ടുകൾ പ്രകാരം രണ്ടു ലക്ഷം സ്ക്വയർമീറ്ററിലാകും പദ്ധതി യാഥാർഥ്യമാവുക. ദോഫാർ ഗവർണറേറ്റിൽ തണുപ്പുകാലത്ത് ആവശ്യമായ വൈദ്യുതിയുടെ പകുതിയോളം ഇതിൽനിന്ന് ഉൽപാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടലുകൾ.
വർധിച്ചുവരുന്ന ഉൗർജാവശ്യം നിറവേറ്റുന്നതിന് ഒപ്പം ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറക്കുന്നതിനുമായി പുനരുപയോഗിക്കാവുന്ന ഉൗർജസ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാൻ.
ഇൗ മേഖലയിലെ നിക്ഷേപവും പരമാവധി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാറിനുള്ളത്. രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വൈദ്യുതോൽപാദന പദ്ധതിയുടെ ടെൻഡറിങ് നടപടികളും ഇൗ വർഷം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
200 മെഗാവാട്ട് ആയിരിക്കും സൗരോർജ വൈദ്യുതിപദ്ധതിയുടെ ശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.