മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് ക്രിസ്മസ്, ശൈത്യകാല അവധി അടുത്തമാസം ആരംഭിക്കാനിരിക്കെ വിമാനക്കമ്പനികൾ നിരക്കുകൾ ഉയർത്താൻ തുടങ്ങി.
ഡിസംബർ പകുതിയോടെ ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ അടക്കുന്നതും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നാട്ടിൽ പോകുന്നവരുടെയും തിരക്ക് മുമ്പിൽക്കണ്ടാണ് കേരള സെക്ടറിലേക്ക് സർവിസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും യാത്രനിരക്കുകൾ ഉയർത്തുന്നത്. കുറഞ്ഞ വിമാനനിരക്കിന് പേരുകേട്ട സലാം എയർ പോലും ഡിസംബറിൽ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. നവംബറിലുള്ള നിരക്കിനേക്കാൾ ഇരട്ടിയാണ് സ്കൂൾ അവധിക്കാലത്ത് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾക്ക് 20 ദിവസമാണ് ക്രിസ്മസ്, ശൈത്യ കാല അവധിയായി ലഭിക്കുന്നത്. ഇതേത്തുടർന്ന് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കുടുംബങ്ങളും നാട്ടിലേക്ക് പോകാറുണ്ട്. നാട്ടിലും അവധിയായതിനാൽ നിരവധി പേർ തിരിച്ചും യാത്ര ചെയ്യാറുണ്ട്.
ഒറ്റക്ക് ഒമാനിൽ കഴിയുന്ന നിരവധി പേർ നാട്ടിലെ കുടുംബത്തോടൊപ്പം ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ഡിസംബറിൽ നാടണയും. ഇതൊക്കെ മുതലെടുത്താണ് വിമാനക്കമ്പനികൾ ഡിസംബറിൽ നിരക്കുകൾ വർധിപ്പിക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഡിസംബർ ഒന്ന് മുതൽ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് വൺവേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഡിസംബർ രണ്ടിന് 96 റിയാലാണ് ഈടാക്കുന്നത്. ഡിസംബർ 13ന് 108 റിയാലായും 17 മുതൽ 123 റിയാലായും നിരക്കുകൾ ഉയരുന്നുണ്ട്. ഡിസംബർ 23ന് 143 റിയാലാണ് നിരക്ക്.
നവംബറിലെ നിരക്കിന്റെ മൂന്ന് മടങ്ങാണിത്. ഒമാൻ എയർ അടുത്ത മാസം ഒന്ന് മുതൽ ചില ദിവസങ്ങളിൽ 162 റിയാലായി നിരക്ക് ഉയർത്തുന്നുണ്ട്. 15നുശേഷം ചില ദിവസങ്ങളിൽ 171 റിയാലാണ് നിരക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് ഡിസംബർ ആദ്യം ചില ദിവസങ്ങളിൽ 118 റിയാൽ വരെയും 15ന് 138 റിയാലായും ഉയരുന്നുണ്ട്.
എന്നാൽ ഗോഎയർ കണ്ണൂരിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കാണ് ഇൗടാക്കുന്നത്. ഡിസംബർ ഒമ്പതുവരെ 49 റിയാലും പിന്നീട് 70 റിയാലും ഇൗടാക്കുന്നു. നിലവിൽ ഗോ എയർ കണ്ണൂർ സർവിസിന്റെ കൂടിയ നിരക്ക് 87 റിയാലാണ്.
കൊച്ചിയിലേക്കും എക്സ്പ്രസ് നിരക്കുകൾ 123 റിയാലാണ്. ഇത് 143 റിയാൽ വരെ ആകുന്നുണ്ട്. സലാം എയർ തിരുവനന്തപുരത്തേക്ക് ഡിസംബറിൽ 81 റിയാലാണ് നിരക്ക്.
ചില ദിവസങ്ങളിൽ 121 റിയാൽവരെ എത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് ഒന്നാം തീയതി മുതൽ 97 റിയാലാണ് കുറഞ്ഞ നിരക്ക്. പിന്നീട് 112 റിയാലായും വർധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.