മസ്കത്ത്: രാജ്യത്തെ ടൂറിസം രംഗത്തിന് കുതിപ്പേകാൻ ഈ ശൈത്യകാലത്ത് നിരവധി രാജ്യങ്ങളിൽ നിന്നുള്ള 400 ചാർട്ടർ വിമാനങ്ങൾ ദോഫാർ ഗവർണറേറ്റിൽ എത്തും. പൈതൃക, ടൂറിസം മന്ത്രി സലിം മുഹമ്മദ് അൽ മഹ്റൂഖിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 21 മുതൽ ആഗസ്റ്റ് 31 വരെയുള്ള ഖരീഫ് സീസണിൽ 9,24,792 വിനോദസഞ്ചാരികളാണ് ദോഫാറിൽ എത്തിയത്. ഗവർണറേറ്റിൽ വർഷം മുഴുവനും ശക്തമായ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ശൈത്യകാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നും റഷ്യയിൽ നിന്നുമുള്ള 400 ചാർട്ടർ വിമാനങ്ങൾ വഴി സഞ്ചാരികളെ എത്തിക്കുന്നത്. ഒമാന്റെ ടൂറിസം സ്പോട്ടുകളെ ആഗോള ശ്രദ്ധയാകർഷിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ തെളിവാണ് ചാർട്ടർ വിമാനങ്ങളെന്ന് മഹ്റൂഖി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ നേരിട്ടുള്ള വിമാനം 200 വിനോദ സഞ്ചാരികളുമായി സലാല വിമാനത്താവളത്തിൽ എത്തിയിരുന്നു. ഊഷ്മള വരവേൽപാണ് സഞ്ചാരികൾക്കായി അധികൃതർ നൽകിയത്. യൂറോപ്പിൽനിന്ന് കൂടുതൽ ചാർട്ടർ ൈഫ്ലറ്റുകളും ക്രൂസ് കപ്പലുകളും ആകർഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങൾ ഈ സീസണിൽ സലാല വിമാനത്താവളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് വർധിപ്പിക്കുമെന്നും പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും കരുതുന്നുവെന്ന് പ്രാദേശികവും അന്തർദേശീയവും ആകർഷകമായ പരിപാടികളുമായി ദോഫാറിലെ ടൂറിസം പ്രോത്സാഹനത്തിന് മന്ത്രാലയം ബഹുമുഖ സമീപനമാണ് എടുത്തിട്ടുള്ളതെന്ന് ഗസാനി പറഞ്ഞു.
നവംബറിലെ ദേശീയദിന അവധിക്കാലത്തെ കുന്തിരിക്ക സീസൺ ഫെസ്റ്റിവൽ, ശീതകാല ടൂറിസം സീസണിന്റെ ഏറ്റവും ഉയർന്ന മാസമായ ജനുവരിയിലെ എംപ്റ്റി ക്വാർട്ടർ ഫെസ്റ്റിവൽ എന്നിവ പോലുള്ള വാർഷിക പ്രത്യേക പരിപാടികൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ദോഫാറിന്റെ സമ്പന്നമായ പൈതൃകവും ലോക പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അൽ ബലീദ്, സംഹാര, അൽ ഷാസർ തുടങ്ങിയ പുരാവസ്തു സൈറ്റുകൾ, പരമ്പരാഗത വിപണികൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ജലസ്രോതസ്സുകൾ, താഴ്വരകൾ, ഗുഹകൾ എന്നിവയെല്ലാം ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനം കവരുന്നതാണ്.
ചാർട്ടർ ഫ്ലൈറ്റുകൾ ദോഫാറിലെ ടൂറിസത്തിനും അനുബന്ധ മേഖലകൾക്കും ഗണ്യമായ വരുമാനം ഉണ്ടാക്കുമെന്നും വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും മേഖലക്ക് അധിക സാമ്പത്തിക മൂല്യം നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.