മസ്കത്ത്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) മിഡിൽ ഈസ്റ്റ് റീജ്യൻ പതിമൂന്നാമത് ദ്വിവത്സര സമ്മേളനവും ഒന്നാമത് ഡബ്ല്യു.എം.സി ഇൻറർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. ഒമാൻ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ ഇന്ത്യ, മിഡിൽ ഈസ്റ്റ്, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്ന് ഏകദേശം ഇരുന്നൂറിൽപരം അംഗങ്ങൾ സംബന്ധിച്ചു.
ഒമാൻ ചേംബർ ഓഫ് കോമേഴ്സുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര ബിസിനസ് കോൺഫറൻസിൽ വിവിധ രാജ്യങ്ങളിലെ നൂറിൽപരം വ്യവസായ പ്രമുഖർ പങ്കെടുത്തു. ഡോ. പി.സി. ഷെറിമോൻ നേതൃത്വം നൽകി. ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന യോഗത്തിൽ മിഡിൽ ഈസ്റ്റ് റീജ്യന്റെ 2023-25 കാലത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുത്തു. റൂവി അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടന്ന സമ്മേളനവും സംഗീത നിശയും ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു.
വിവിധ പ്രൊവിൻസുകളുടെ നേതൃത്വത്തിൽ, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, നാടൻ പാട്ട് എന്നിവയും അരങ്ങേറി. ഒമാനിലെ ബിസിനസ് മേഖലയിലെ യുവ സംരംഭകരായ മൊയ്തീൻ ബിലാൽ, ഫിരാസത് ഹസ്സൻ, വിദ്യാഭ്യാസ, ചലച്ചിത്ര മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ ആസ്പദമാക്കി വിവിധ ഭാഷകളിലായി ലഭിച്ച ഹ്രസ്വ ചിത്ര മത്സരങ്ങളിൽ വിദഗ്ധ ജൂറി തെരഞ്ഞെടുത്ത പത്തിലധികം വിഭാഗങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഒമാനിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾ കോർത്തിണക്കി തയാറാക്കിയ ‘ഓർമച്ചെപ്പ്, ഒരു ദശാബ്ദ സ്മരണിക’ സുവനീർ എഡിറ്റോറിയൽ അംഗങ്ങളായ ഡോ. രശ്മി, മനോജ് മാനുവൽ എന്നിവർ വർഗീസ് പനക്കൽ, ജാനറ്റ് വർഗീസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. മസ്കത്ത് കവിതക്കൂട്ടം അവതരിപ്പിച്ച ‘കവനക്കൊയ്ത്ത്’ ദൃശ്യാവിഷ്കാരം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റുന്നതായി.
ഡോ. സി. തോമസ്, ഡോ. രഞ്ജി മാത്യു എന്നിവർ അതിഥികളായി. ഡബ്ല്യു.എം.സി ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മിഡിൽ ഈസ്റ്റ് ചെയർമാൻ ടി.കെ. വിജയൻ എന്നിവർ സംബന്ധിച്ചു. ജോജോ ജോസഫ്, തുഷാര പ്രബി, അലൻ ജോസ്, ബിജു പരുമല, ഡബ്ല്യു.എം.സി ഒമാൻ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുരിയൻ, കെ.കെ. ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.