സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​മാ​ൻ-​ജ​ർ​മ​നി സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ​നി​ന്ന് ​ - സു​ഹാ​ന ഷെ​മീം

ലോകകപ്പ്​ സന്നാഹം ;നിറംമങ്ങി ജർമനി ;കൈയടി നേടി ഒമാൻ

മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകർക്ക് നിരാശ സമ്മാനിച്ച് ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ജർമനിക്ക് നിറംമങ്ങിയ വിജയം. കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ നിക്കോളാസ് ഫുൾക്രഗ് നേടിയ ഗോളിലാണ് ജർമനി വിജയിച്ചത്.

വമ്പൻ വിജയപ്രതീക്ഷയുമായി എത്തിയ ജർമൻ പടയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചായിരുന്നു ഒമാൻ ടീമിന്‍റെ പ്രകടനം. പലപ്പോഴും ഇരു വിങ്ങുകളിലൂടെയും ഒമാൻ നടത്തിയ ആക്രമണങ്ങൾ ജർമൻ ടീമിന്‍റെ പ്രഫഷനൽ മികവിൽ മാത്രം തട്ടിയകലുകയായിരുന്നു.

കളി തുടങ്ങിയ ആദ്യ പകുതിയിൽ ഒമാന്‍റെ ഗോൾമുഖത്തേക്ക് ഹാവെർട്സ, യൂസുഫ മൗക്കോക്ക, ഹേകഫ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജർമനി ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ, കനത്ത പ്രതിരോധമാണ് കംസി, അൽകബാദി, അൽഹാർത്തി, ഗോള്‍ കീപ്പര്‍ ഇബ്‌റാഹിം അല്‍ മുഖൈനി എന്നിവരുടെ നേതൃത്വത്തിൽ റെഡ് വാരിയേഴ്സ് ഒരുക്കിയത്. ഇതിനിടെ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ ഒമാന് തുറന്ന അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും മുതലാക്കാനായില്ല.

രണ്ടാം പകുതിയിലും ജർമനി കൂടുതൽ അക്രമിച്ച് കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. സമനിലയിലേക്കോ ഒമാന്റെ അട്ടിമറി ജയത്തിലേക്കോ നീങ്ങുമെന്ന് തോന്നിച്ച നിമിഷത്തിൽ ഒടുവിൽ 80ാം മിനിറ്റിൽ നിക്കോളാസ് ഫുൾക്രഗാണ് ജർമനിക്കുവേണ്ടി വലകുലുക്കിയത്. രണ്ടാംപകുതിയിൽ ഒമാന്‍റെ മുൻനിര താരം മുഹ്‌സിൻ ഗസാനിക്കും സാഹിർ അഗ്രബിക്കും കിട്ടിയ തുറന്ന അവസരങ്ങൾ പാഴായത് അവിശ്വസനീയമായിരുന്നു.

ടീമിലെ പ്രധാന താരങ്ങളെ അണിനിരത്തിയാണ് ജർമൻ കോച്ച് ഹന്‍സി ഫ്ലിക് ആദ്യ ഇലവനെ ഇറക്കിയത്. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചത് ജര്‍മനിയായിരുന്നു. 19 തവണയാണ് ജര്‍മനി ടീം ഗോള്‍ ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തത്. അതേസമയം, ലോകോത്തര ടീമിനോട് കിടപിടിക്കുന്ന കളിയുമായി മൈതാനത്തിൽ അരങ്ങുവാണ ഒമാൻ ടീം മികച്ച പ്രശംസയാണ് പിടിച്ചുപറ്റിയത്. മാസങ്ങൾക്കുമുമ്പേ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്‍റെ നേതൃത്വത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഇതിന്‍റെ ഫലംകൂടിയാണ് കഴിഞ്ഞദിവസം ബൗശറിലെ മൈതാനത്ത് കണ്ടത്. മത്സരം ജയിച്ചില്ലെങ്കിലും തങ്ങളുടെ ടീമിനെ കൈയടിച്ചും ആർപ്പുവിളിച്ചും അഭിനന്ദിച്ചുമാണ് ഒമാൻ ആരാധകർ സ്റ്റേഡിയം വിട്ടത്. ഒമാനിലെ ജർമനിയുടെ പരിശീലന ക്യാമ്പ് പൂർത്തിയാക്കി ടീം ഖത്തറിലേക്ക് തിരിച്ചു. ലോകകപ്പിലെ ജർമനിയുടെ ആദ്യമത്സരം നവംബർ 23ന് ആണ്. ഏഷ്യൻ ശക്തികളായ ജപ്പാനാണ് എതിരാളികൾ.

Tags:    
News Summary - World Cup warm-up match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.