മത്ര: മത്രയിലും പരിസരങ്ങളിലുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ യൂസുഫുക്ക നാലു പതിറ്റാണ്ടിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണഞ്ഞു. 1983ലാണ് മലപ്പുറം പുറത്തൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പ്രവാസം ആരംഭിക്കുന്നത്. സൂറില്‍ ഇലക്ട്രീഷ്യന്, പ്ലംബിങ് ജോലിയായിരുന്നു തുടക്കത്തില്‍. പിന്നീട് ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള അറേബ്യൻ വേള്‍ഡ് റസ്റ്റാറന്റിലും, ഫഞ്ചയില്‍ സൂപ്പര്‍ മാർക്കറ്റ് രംഗത്തും റെഡിമെയ്ഡ് മേഖലയിലുമൊക്കെയായി സീബ്, റുവി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. തുടര്‍ന്നുള്ള 35 വര്‍ഷങ്ങള്‍ മത്രയിലെ അബൂസമീര് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. ലളിതമായ ജീവിതശൈലിയുടെ ഉടമയും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ്. കെ.ഐ.എ മത്ര ഘടകത്തിന്റെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം മത-സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. എല്ലാവരുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതിനാല്‍ മത്രക്കാർക്കിടയില്‍ പ്രിയപ്പെട്ട യൂസുഫുക്കയാണ്.
തന്റെ സ്ഥാപനങ്ങളുടെ ചുമതലകള്‍ ഒമാനിലുള്ള മകനെ ഏല്പിച്ചാണ് മടങ്ങുന്നത്. ഒമാനിലെ നീണ്ട ജീവിതം അങ്ങേയറ്റം സംതൃപ്തി നിറഞ്ഞതായിരുന്നു. ജീവിത പ്രാരബ്ദങ്ങളുമായി ഇവിടെ വന്ന് അതില്‍ നിന്നെല്ലാം കരകയറി മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാന്‍ സാധിച്ചുവെന്നതുതന്നെ ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്. ഒമാന്‍ ജീവിതം അപ്പാടെ മറക്കാന്‍ സാധിക്കില്ല, ആവശ്യമെങ്കില്‍ സൗകര്യപ്പെട്ടാല്‍ സന്ദർശക വിസയില്‍ വീണ്ടും വരാമല്ലോ എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം മടങ്ങിയത്. ശനിയാഴ്ച കോഴിക്കോടേക്കുള്ള വിമാനത്തിലായിരുന്നു നാട്ടിലേക്കുള്ള മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.