ദോഹ: ഖത്തറിൽ കോവിഡ് ബൂസ്റ്റർഡോസ് വാക്സിനേഷൻ 10 ലക്ഷവും പിന്നിട്ട് സജീവമാകുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ കാമ്പയിനാണ് അഞ്ചുമാസംകൊണ്ട് 10 ലക്ഷ്യത്തിലെത്തിയത്. രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവർക്കാണ് നിലവിൽ രാജ്യത്ത് ബൂസ്റ്റർ ഡോസ് നൽകുന്നത്. 12 വയസ്സിന് മുകളിൽ പ്രായമുള്ള അർഹരായ എല്ലാ വിഭാഗക്കാർക്കും വാക്സിൻ നൽകുന്നുണ്ട്. ആദ്യഘട്ടത്തിൽ ഹൈറിസ്ക് വിഭാഗക്കാർക്കായിരുന്നു ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. പിന്നീട്, ഇവർക്കൊപ്പം ആരോഗ്യ പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ആദ്യം രണ്ടാം ഡോസ് സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞവർക്കായിരുന്നുവെങ്കിൽ, പിന്നീടത് ആറു മാസം പൂർത്തിയാക്കിയ എല്ലാവർക്കും നൽകിത്തുടങ്ങുകയായിരുന്നു. ശേഷം, നവംബർ 15ഓടെ 12ന് മുകളിൽ പ്രായമുളള അർഹരായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചത്തെ കണക്കുപ്രകാരം 1025034 പേരാണ് ബൂസ്റ്റർ ഡോസ് എടുത്തത്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ 28 ഹെൽത്ത് സെന്‍ററുകൾ, ലുസൈൽ ഡ്രൈവ് ത്രൂ സെന്‍റർ, ഇൻഡസ്ട്രിയൽ ഏരിയയിലെ ഖത്തർ വാക്സിനേഷൻ സെൻറർ എന്നിവടങ്ങളിൽ ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. 2020 ഡിസംബറിൽ തുടങ്ങിയ കോവിഡ് വാക്സിനേഷൻെറ ഭാഗമായി രാജ്യത്ത് 60.71 ലക്ഷം ഡോസാണ് ഇതുവരെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.