ദോഹ: പ്രാദേശിക ഫാമുകളിൽ നിന്നുള്ള പച്ചക്കറികളുമായി അഞ്ചിടങ്ങളിലായി സീസണൽ പച്ചക്കറി ചന്തകൾ മുനിസിപ്പാലിറ്റി മന്ത്രാലയം വീണ്ടും തുറന്നു. അൽ മസ്റൂഅ, അൽഖോർ-ദഖീറ, അൽ വക്റ, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിൽ രാജ്യത്തെ 140 ഫാമുകളുടെ പങ്കാളിത്തത്തോടെയാണ് മന്ത്രാലയത്തിന് കീഴിലുള്ള കാർഷികകാര്യ വകുപ്പ് പച്ചക്കറി ചന്തകൾ ആരംഭിച്ചത്.
പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള യാർഡുകൾ എന്ന് വിളിക്കപ്പെടുന്ന ചന്തകളിൽ 140ലധികം പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നതെന്ന് കാർഷികകാര്യ വകുപ്പ് ഗൈഡൻസ് ആൻഡ് സർവിസസ് വിഭാഗം മേധാവി അഹ്മദ് അൽ യാഫിഈ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ ന്യായമായ വിലയിൽ കാർഷിക ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാക്കുകയാണ് ഇത്തരം വിപണികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ യാഫിഈ കൂട്ടിച്ചേർത്തു.
സ്ഥിരം സംവിധാനത്തിൽ പ്രവർത്തിക്കുന്ന അൽ മസ്റൂഅയിലെ പച്ചക്കറി ചന്ത ആഴ്ചയിൽ ഏഴു ദിവസവും പ്രവർത്തിക്കും. അൽഖോർ-ദഖീറ, അൽ വക്റ, അൽ ഷിഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലെ ചന്തകൾ വ്യാഴം മുതൽ ശനി വരെ രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളരി, ഇലക്കറികൾ, മത്തൻ, ബീൻസ് തുടങ്ങി അധിക സീസണൽ പച്ചക്കറികളും ചന്തകളിൽ ലഭിക്കും. ഉയർന്ന സീസണിൽ തക്കാളി ഉൾപ്പെടെ എല്ലാത്തരം നാടൻ പച്ചക്കറി ഇനങ്ങളും ലഭ്യമാകും. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഖത്തറിലെ ഏറ്റവും ഉയർന്ന കാർഷിക സീസൺ. പ്രാദേശിക ഫാമുകളുടെ എണ്ണം വർധിക്കുന്നതോടെ ഈ സീസണിൽ 14,000 ടൺ പച്ചക്കറികൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് മുൻ സീസണിനേക്കാൾ 10 മുതൽ 20 ശതമാനം വരെ കൂടുതലായിരിക്കുമെന്നും അൽ യാഫിഈ ചൂണ്ടിക്കാട്ടി.
വിത്ത്, വളം, കീടനാശിനികൾ, കാർഷികോപകരണങ്ങൾ എന്നിവ വിതരണം ചെയ്തും, പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള കാർഷികോപദേശങ്ങളും മാർഗനിർദേശങ്ങളും നൽകിയും പ്രാദേശിക ഫാമുകൾക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം പൂർണ പിന്തുണ നൽകിവരുന്നതായും പ്രാദേശിക കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള അവസരമാണ് ഇത്തരം കാർഷികച്ചന്തകൾ നൽകുന്നതെന്നും അദ്ദേഹം
വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.