ദോഹ: ഹോസ്പിറ്റാലിറ്റി മേഖലയിലെ കൂടുതൽ കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 20 ഹോട്ടലുകൾ കൂടി ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ, ഗ്രീൻ കീ സർട്ടിഫിക്കേഷനുവേണ്ടി രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. സുസ്ഥിര ലക്ഷ്യങ്ങളെ പിന്തുടർന്ന് ഹോട്ടലുകളിൽ പരിസ്ഥിതി സൗഹൃദ സംസ്കാരം സൃഷ്ടിക്കുന്നതിന് 2021ലാണ് ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ, ഗ്രീൻ കീ സർട്ടിഫിക്കേഷൻ പ്രോഗ്രാം നടപ്പാക്കി തുടങ്ങിയത്. രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയും സുസ്ഥിരതയുടെയും ഭാഗമാവുന്നതിന്റെ തെളിവാണിതെന്നും ഖത്തർ ഗ്രീൻ ബിൽഡിങ് കൗൺസിൽ ഡയറക്ടർ എൻജി. മിഷാൽ അൽ ശമാരി പറഞ്ഞു. രാജ്യത്തെ 12 ഹോട്ടലുകൾ ഗ്രീൻ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഊർജ ക്ഷമതാ സംവിധാനം, ലൈറ്റിങ്, താപനില നിയന്ത്രണം, കാര്യക്ഷമമായ ശീതീകരണ സംവിധാനം, മാലിന്യ സംസ്കരണം, ശരിയായ വായുസഞ്ചാരം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് ഗ്രീൻ കീ സർട്ടിഫിക്കറ്റ് ലഭിക്കുകയെന്ന് എൻജി. അൽ ശമാരി വ്യക്തമാക്കി.
ഫോർ സ്റ്റാർ ഹോട്ടലുകൾക്കും ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും സർട്ടിഫിക്കേഷൻ നേടുന്നതിനാവശ്യമായ പ്രാപ്തിയുണ്ടെന്നും അതിലുപരി അവർ കൂടുതൽ ഗ്രീൻ സർട്ടിഫിക്കേഷനുവേണ്ടി താൽപര്യത്തോടെ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ ടൂറിസം പോലെയുള്ള പ്രധാന പങ്കാളികളുമായി ചേർന്നാണ് ഖത്തർ ഗ്രീൻ സർട്ടിഫിക്കേഷൻ നടപ്പാക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിൽ പരിസ്ഥിതി സൗഹൃദ സംസ്കാരം വളർത്തുന്നതിൽ ഖത്തർ ടൂറിസം വലിയ പങ്ക് വഹിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.