ദോഹ: വ്രതവിശുദ്ധിയുടെ നാളുകളെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ പള്ളികൾ. ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിനു കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 2150 പള്ളികൾ സജ്ജമായതായി ഔഖാഫ് അറിയിച്ചു.
വനിതകൾക്കുള്ള സൗകര്യത്തോടെ 120 പള്ളികളും റമദാനെ വരവേൽക്കാൻ ഒരുങ്ങിയെന്ന് ഔഖാഫ് പള്ളികളുടെ ചുമതലയുള്ള അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹമദ് അൽ കുവാരി, എൻഡോവ്മെന്റ് വിഭാഗം ഡയറക്ടർ ഡോ. ഖാലിദ് ബിൻ മുഹമ്മദ് ആൽഥാനി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
റമദാനിൽ വിശ്വാസികൾ പ്രാർഥനകളിൽ സജീവമാകുമ്പോൾ എല്ലാ സൗകര്യങ്ങളും ഒരുക്കി പള്ളികൾ സജ്ജമാണെന്ന് അധികൃതർ വിശദീകരിച്ചു. അവസാന പത്തിൽ ഇഅ്തികാഫിനുള്ള സൗകര്യങ്ങളും വിവിധ പള്ളികളിൽ ഒരുക്കിയതായി അറിയിച്ചു. എല്ലാ പള്ളികളിലും രാത്രിനമസ്കാരം ഉൾപ്പെടെ പ്രാർഥനകൾക്ക് ഇമാമുമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർക്ക് സഹായത്തിനായി 50ഓളം ഇമാമുമാരെയും നിയോഗിച്ചു.
സന്നദ്ധസംഘടനകളും വ്യക്തികളുമായി സഹകരിച്ച് പള്ളികൾ കേന്ദ്രീകരിച്ച് ഇഫ്താർ നടത്താൻ ഔഖാഫ് മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ച് ഇവ ഏകോപിപ്പിക്കാനാണ് നിർദേശം. ഇതിനു പുറമെ, മന്ത്രാലയത്തിനു കീഴിൽ ഇസ്ലാമിക പരിപാടികളും ദിവസം 10,000 പേർക്ക് നോമ്പുതുറ ഒരുക്കുന്ന ഇഫ്താർ തമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. സലാത്ത് അൽ അദാ പദ്ധതിയിലൂടെ അവശ്യവിഭാഗങ്ങളിലേക്ക് ഭക്ഷ്യക്കിറ്റുകളും എത്തിക്കും.
കതറാ ഖുർആൻ മത്സരം, കുട്ടികൾക്കായി തിജാൻ അൽ നൂർ പരിപാടി എന്നിവയും സംഘടിപ്പിക്കുന്നതായി ഡോ. ഖാലിദ് വിശദീകരിച്ചു. സകാതുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തിനും സഹായത്തിനുമായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. മതപഠന ക്ലാസുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റമദാന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.