ലോകത്തിന് ഇനി സിറിയയിലേക്ക് നോക്കാതിരിക്കാനാകില്ല

ദോഹ: തെക്കുപടിഞ്ഞാറന്‍ ഏഷ്യയില്‍ മെഡിറ്ററേനിയന്‍  കടല്‍തീരത്തു സ്ഥിതിചെയ്യുന്ന  സിറിയയില്‍ ചോരപ്പുഴ ഒഴുകി കൊണ്ടേയിരിക്കുമ്പോഴും അതിന് മുന്നില്‍ മൗനം പാലിക്കുന്നവരുടെ മുന്നില്‍ ഖത്തര്‍ അതിന്‍െറ ഏറ്റവും കരുത്താര്‍ന്ന നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. 
അലപ്പോയില്‍ ഇല്ലാതാക്കപ്പെടുന്ന മനുഷ്യ ജീവനുകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തര്‍ തങ്ങളുടെ  ഏറ്റവും വലിയ മഹോല്‍സവം വേണ്ടന്ന് വച്ചിരിക്കുന്നു.
 ഈ ആത്മാര്‍ഥമായ പ്രഖ്യാപനത്തിനോട് മുഖം തിരിച്ച് നില്‍ക്കാന്‍ കരുണ അവശേഷിക്കുന്ന ആര്‍ക്കും കഴിയില്ല എന്നതാണ് നേര്. 
ഒരു വശത്ത് ഐ.എസ് ഭീകരതയും മറ്റൊരിടത്ത് സ്വന്തം ഭരണാധികാരിയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളുമാണ് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് തീരാദുരിതം വിതക്കുന്നത്. 
പലപ്പോഴും പുറംലോകം അറിയാത്ത പീഡനങ്ങള്‍ക്കാണ് സിറിയയിലെ അലപ്പോ,സബദാനി, മദായ, ബുഗന്‍, ബ്ളുദന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ നേരിടുന്നത്. സൈനിക ആക്രമണങ്ങള്‍ക്കൊപ്പം ഉപരോധവും സിവിലിയന്‍മാര്‍ക്ക് നേരെ ഉണ്ടാകുന്നു. 
അവശ്യസാധനങ്ങളും ആരോഗ്യ സേവനങ്ങളും ഭക്ഷണവും തടഞ്ഞുകൊണ്ട് സിവിലിയന്‍മാരെ പട്ടിണിക്കിട്ട് പീഡിപ്പിച്ചാണ് സിറിയന്‍ ഭരണകൂടവും കൂടെയുള്ളവരും മുമ്പോട്ട് നീങ്ങുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 
ഹിംസ്, ഗത്ത, ദര്‍യ, മുഅദമി, ദമസ്കസ് തുടങ്ങിയ ജനവാസം കൂടിയ സ്ഥലങ്ങളെ കടുത്ത ഉപരോധത്തില്‍ സിറിയന്‍ ഭരണകൂടം കുടുക്കിയ അവസ്ഥയുണ്ടായിരുന്നു. 
ഈ വര്‍ഷത്തിന്‍െറ തുടക്കത്തില്‍  മദായ നഗരം സിറിയന്‍ സേനയുടെയും മറ്റ് മിലിറ്റന്‍റ് ഗ്രൂപ്പുകളുടെയും കടുത്ത ഉപരോധത്തില്‍ അമര്‍ന്ന അവസ്ഥയുണ്ടായി. 
പട്ടിണിക്കിട്ട്  ജനങ്ങളെ തകര്‍ത്തതിന് ഒപ്പം മാനുഷിക സഹായം പോലും  തടയുന്ന അവസ്ഥയുമുണ്ടായി. 
ഇത്തരം സാഹചര്യങ്ങളില്‍ മോശമായി കൊണ്ടിരിക്കുന്ന സിറിയയിലെ മനുഷ്യാവകാശ പ്രതിസന്ധിയെ സംബന്ധിച്ച് ഖത്തര്‍ വിദേശകാര്യമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്‍റ് ഇലബോ ഓസ്കാര്‍ റൊസേലി ഫെരേറ, യു.എന്‍ പൊതുസഭ പ്രസിഡന്‍റ് മോഗന്‍സ് ലെയ്കെറ്റോഫ് എന്നിവര്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ സന്ദേശമയച്ചിരുന്നു. സിറിയയിലെ അലപ്പോയില്‍  മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതികളും തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അറബ് ലീഗ് കൗണ്‍സില്‍ അടിയന്തിരമായി സ്ഥിരാംഗങ്ങളുടെ യോഗം വിളിച്ച് കൂട്ടണമെന്ന് ദിവസങ്ങള്‍ക്ക് മുമ്പെ  ആവശ്യപ്പെട്ടിരുന്നു.
 ഇപ്പോഴത്തെ ഖത്തറിന്‍െറ നിലപാട് കാരണം അന്താരാഷ്ട്ര മേഖലയില്‍ സിറിയയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് ഏല്ലാവരും കരുതുന്നത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.