പാക് പ്രധാനമന്ത്രിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

ദോഹ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദോഹയിലത്തെിയ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. ഇന്നലെ അമീരി ദീവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഖത്തര്‍-പാക്കിസ്ഥാന്‍ തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ചും അത് ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തി. 
ഊര്‍ജ, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താനും നിക്ഷേപ രംഗത്ത് അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഇരുവരും ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മിഡിലീസ്റ്റിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തിയ ഇരുവരും മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പരസ്പര പ്രാധാന്യമുള്ള  വിവിധ വിഷയങ്ങള്‍ ചര്‍ച്ചാവിധേയമാക്കുകയും ചെയ്തു. 
പാക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രകൃതി വാതക രംഗത്ത് ദീര്‍ഘകാലത്തേക്കുള്ള കരാറില്‍ ഖത്തര്‍ പെട്രോളിയവും പാകിസ്താന്‍ പെട്രോളിയം ധാതുവിഭവ മന്ത്രാലയവും ഒപ്പുവെച്ചു. റേഡിയോ ടെലിവിഷന്‍ രംഗത്ത് ഖത്തര്‍ ഗവണ്‍മെന്‍റും പാകിസ്താന്‍ സര്‍ക്കാറും തമ്മില്‍ സഹകരണത്തിന് ധാരണാപത്രത്തില്‍ ഒപ്പു വെച്ചു. ആരോഗ്യരംഗത്തും അകാദമിക് ഗവേഷണ രംഗത്തും ഇരുരാഷ്ട്രങ്ങളുടെയും സര്‍ക്കാറുകള്‍ തമ്മില്‍ ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു. 
ചടങ്ങില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും സന്നിഹിതരായിരുന്നു. കൂടാതെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും മറ്റ് ഉന്നത വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ അമീരി ദീവാനിലത്തെിയ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ഊഷ്മളമായ വരവേല്‍പാണ് നല്‍കിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.