ഹമദ് ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം  800 നാഡിവ്യൂഹ ശസ്ത്രക്രിയ നടത്തി

ദോഹ: രാജ്യത്ത് കഴിഞ്ഞവര്‍ഷം ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വഴി എണ്ണൂറോളം നാഡിവ്യൂഹ ശസ്ത്രക്രിയകള്‍ (ന്യൂറോ സര്‍ജറികള്‍) നടത്തിയതായി എച്ച്.എം.സി അറിയിച്ചു. ഖത്തറില്‍ നടക്കുന്ന പ്രഥമ ന്യൂറോസയന്‍സ് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറില്‍ ന്യൂറോ വിഭാഗം നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ചാണ് വ്യാഴാഴ്ച മുതല്‍ ആരംഭിച്ച സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. സമ്മേളനം ഇന്ന് സമാപിക്കും. 
രോഗത്തിന്‍െറ സ്വഭാവമനുസരിച്ചാണ് ന്യൂറോ ശസ്ത്രക്രിയകള്‍ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതെന്ന് എച്ച്.എം.സി ന്യൂറോ സര്‍ജറി വിഭാഗം ചെയര്‍മാന്‍ ഡോ. ഗാനിം സല്‍മാന്‍ അല്‍ സുലൈത്തി പറഞ്ഞു. നാഡികളിലെ മുഴകള്‍ (ട്യൂമര്‍) പോലുള്ളവ ഗൗരവ പ്രശ്നങ്ങളാണെങ്കില്‍ ശസ്ത്രക്രിയ വേഗത്തിലും നട്ടെല്ലിനെ ബാധിച്ചവയാണെങ്കില്‍  അവസരങ്ങള്‍ ലഭ്യമാകുമ്പോള്‍ ശസ്ത്രക്രിയ ചെയ്യുകയുമാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. വാഹനാപകടങ്ങളില്‍ തലച്ചോറിനും നട്ടെലിനും (ട്രോമ) സംഭവിക്കുന്ന പരിക്കുകള്‍, ട്യൂമര്‍, അപസ്മാരം, പക്ഷാഘാതം എന്നിവയാണ് ഖത്തറില്‍ സാധാരണയായി ന്യൂറോ വിഭാഗത്തില്‍ കണ്ടുവരുന്ന അസുഖങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദം മുതലായവയാണ് പക്ഷാഘാതത്തിന് കാരണമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ പക്ഷാഘാത കേസുകള്‍ കൂടിവരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുണ്ടെന്നും യു.കെ, യു.എസ് എന്നിവയെ അപേക്ഷിച്ച് ഇവിടെ 20 വയസിന് താഴെയുള്ളവരില്‍ വരെ അസുഖം കണ്ടുതുടങ്ങിയതായും ഡോ. സുലൈത്തി പറയുന്നു. കൂടാതെ തലച്ചോറിന് അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ ഖത്തറാണ് ഏറ്റവും മുന്നില്‍. അപസ്മാര രോഗികളുടെ നിരക്കിലും ഉയര്‍ന്ന തോതാണ് ഖത്തറിലുള്ളത്. ആകെ ജനസംഖയുടെ മൂന്ന് മുതല്‍ നാല് വരെശതമാനമാണ് ഖത്തറില്‍ അപസ്മാരം ബാധിച്ചവര്‍. സമ്മേളനം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഇതിനെതിരെ കൈക്കൊള്ളേണ്ട നടപടികളില്‍ സംവാദം സംഘടിപ്പിക്കുകയും ചെയ്യും. ഇന്നവസാനിക്കുന്ന സമ്മേളനത്തില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്. അകാദമിക് ഹെല്‍ത്ത് സിസ്റ്റം (എ.എച്ച്.എസ്)ന്‍െറ ഭാഗമായ ന്യൂറോസയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന ന്യൂറോസയന്‍സ് ശാസ്ത്രജ്ഞര്‍ക്ക് തങ്ങളുടെ തുടര്‍ പഠനങ്ങള്‍ക്കുള്ള അനുകൂല പരിതസ്ഥിതി ഒരുക്കാനുദ്ദേശിച്ചാണ് സ്വദേശത്തെയും  അന്താരാഷ്ട്ര രംഗത്തെയും വിദഗ്ധരെ പങ്കെടുപ്പിക്കുന്നതെന്ന് റേഡിയോഗ്രാഫി വിഭാഗം ചെയര്‍മാന്‍ (എച്ച്.എം.സി) ഡോ. അഹമ്മദ് ഒൗന്‍ പ്രസ്താവനയില്‍ പറഞ്ഞു. ന്യൂറോളജി, റേഡിയോളജി, ന്യൂറോ-റേഡിയോളജി, ന്യൂറോ സര്‍ജറി എന്നിവയിലെല്ലാം വിദഗ്ധരായവരുടെ ശിക്ഷണം എച്ച്.എം.സിയുടെ കീഴിലെ വിവിധ ക്ളിനിക്കുകളിലുള്ളവര്‍ക്കും ലഭ്യമാക്കാനുതുകുന്നതായി സമ്മേളനം മാറിയതായും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.