‘നോ പ്ളാസ്റ്റിക് ബാഗ്സ്’ മുദ്രാവാക്യവുമായി  ദേശീയ പരിസ്ഥിതിദിനം

ദോഹ: പ്ളാസ്റ്റിക് കവറുകള്‍ നിത്യജീവിതത്തില്‍ നിന്ന് ഒഴിവാക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നു. ‘നോ പ്ളാസ്റ്റിക് ബാഗ്സ്’ എന്ന തലക്കെട്ടിലാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനമാചരിക്കുന്നത്. ഇന്നാണ് ഖത്തര്‍ ദേശീയ പരിസ്ഥിതി ദിനം. പരിസ്ഥിതിക്കും സമൂഹത്തിനും വലിയ അപകടങ്ങള്‍ വരുത്തിവെക്കുന്നതാണ് പ്ളാസ്റ്റികിന്‍െറ ഉപയോഗമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുകയും അപകടം ബോധ്യപ്പെടുത്തി സമൂഹത്തെ ബോധവല്‍കരിക്കുകയുമാണ് ലക്ഷ്യം. പരിസ്ഥിതിയുടെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുക്കുന്നതിനും അത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് രാജ്യം ദേശീയ പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് പരിസ്ഥിതി മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി പറഞ്ഞു. പരിസ്ഥിതി നിത്യജീവിതത്തിലെ അവിഭാജ്യഘടകമാണ്. പ്ളാസ്റ്റിക് മുക്തമാക്കുന്നതിലൂടെയും അല്ളെങ്കില്‍ പുനചംക്രമണം നടത്താന്‍ കഴിയുന്ന രൂപത്തിലുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി ശുദ്ധീകരിക്കുന്നതിലൂടെയും നാം അതിന്‍െറ ഭാഗമാകുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ സാങ്കേതിക വിദ്യയുടെയും വ്യാവസായിക മേഖലയുടെയും ദ്രുതഗതിയിലുള്ള വളര്‍ച്ച കാരണം വ്യത്യസ്ത രീതിയിലുള്ള പ്ളാസ്റ്റിക് പദാര്‍ഥങ്ങള്‍ ദൈനംദിനം ഉല്‍പാദിപ്പിക്കപ്പെടുകയാണ്. ആരോഗ്യത്തിനോ പരിസ്ഥിതിക്കോ അതിന്‍െറ പ്രത്യോഘാതം വരുന്നത് വരെ നാം അതേക്കുറിച്ച് ബോധവാന്‍മാരാവില്ല. വര്‍ഷങ്ങളോളം ഭൂമിയില്‍ കിടന്നാലും നശിക്കാത്ത വസ്തുവാണിതെന്നും അത് പരിസ്ഥിതിക്ക് കനത്ത നാശമാണ് വരുത്തിവെക്കുന്നതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പരിസ്ഥിതിയുടെയും സമൂഹത്തിന്‍െറയും വ്യക്തികളുടെയും ആരോഗ്യകരമായ നിലനില്‍പിന് പ്ളാസ്റ്റിക് ഉപയോഗം കുറക്കണമെന്നും പ്രത്യേകിച്ച് പ്ളാസ്റ്റിക് കവറുകള്‍ക്ക് പകരം സുരക്ഷിതമായ മറ്റു മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്നും മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.