ഓണ്‍ലൈന്‍ വ്യാപാരം പൊടിപൊടിക്കുന്നു

ദോഹ:  ഇന്‍റര്‍നെറ്റ് വഴിയുള്ള വ്യാപാരങ്ങളില്‍ ഖത്തറില്‍ വന്‍കുതിപ്പ് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. 
2015 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ വഴിയുള്ള വ്യാപാരം 1.25 ബില്യന്‍ ഡോളറില്‍ എത്തിനില്‍ക്കുന്നതായി കാണുന്നു. 2012 കാലയളവില്‍ ഇത്  0.70 ബില്യന്‍ ഡോളറായിരുന്നു. പരമ്പരാഗത കച്ചവടക്കാരുടെ വ്യാപാരങ്ങളില്‍ നേരിയ ഇടിവ് സംഭവിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരം കാരണമാകുന്നണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഗോള ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ നിരക്കില്‍ ഏറെ മുന്നിലും മിഡില്‍ ഈസ്റ്റില്‍ ഒന്നാമതുമായ ഖത്തറില്‍ വന്‍ പ്രചാരണമാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് ലഭിക്കുന്നത്. 
പ്രമുഖ അമേരിക്കന്‍ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേ-പാലിന്‍െറ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങിനും കായിക ഉപകരണങ്ങള്‍ സ്വന്തമാക്കാനുമായാണ് ഇന്‍റര്‍നെറ്റ് വഴിയുളള വ്യാപാരങ്ങളില്‍ ഏറെയും നടക്കുന്നത്. 
ഇത് മൊത്തം വ്യാപാരത്തിന്‍െറ 20 ശതമാനത്തോളം വരും. ചെറുകിട കച്ചവട ആവശ്യങ്ങള്‍ക്കായി ഏറെപേരും പ്രധാനമായി സന്ദര്‍ശിച്ച പോര്‍ട്ടലുകള്‍ ഖത്തര്‍ എയര്‍വെയ്സ്, ഇ-ബേ, ആമസോണ്‍, സൂഖ് ഡോട്ട് കോം, ദോഹ സൂഖ് ഡോട്ട് കോം എന്നിവയാണ്. 
ഉപഭോക്താക്കളില്‍ നല്ളൊരു ശതമാനത്തിനും ഓണ്‍ലൈന്‍ വിലകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും തങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്‍െറ വില വിവിധ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ സന്ദര്‍ശിച്ച് മനസ്സിലാക്കിയ ശേഷമാണ് അവയ്ക്ക് ഓര്‍ഡര്‍ നല്‍കുന്നതെന്നും ഓട്ടോമൊബൈല്‍ ഉപകരണങ്ങളുടെ ഡീലര്‍മാരായ ബെഹ്സാദ് ട്രേഡിങ് സെയില്‍സ് മാനേജര്‍ മുഹമ്മദ് ഷഫീഖ് പത്രത്തോട് പറഞ്ഞു. ഓണ്‍ലൈന്‍ വില നിശ്ചയിക്കുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉപഭോക്താക്കളെ നിലനിര്‍ത്താനായി കുറഞ്ഞ ഇടലാഭത്തിലാണ് കച്ചവടം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനായി ട്രാവല്‍സുകളില്‍ വരുന്നവരുടെ എണ്ണം കുറഞ്ഞതായി പ്രമുഖ ട്രാവല്‍ ഗ്രൂപ്പിന്‍െറ ഏജന്‍റ് പറഞ്ഞു. 
ജനസംഖ്യയുടെ നല്ളൊരു വിഭാഗത്തിനും ഇന്‍റര്‍നെറ്റ് സൗകര്യമുള്ളതിനാലും എല്ലാ വിമാനക്കമ്പനികള്‍ക്കും ഇന്‍റര്‍നെറ്റ് ബുക്കിങ് സാധ്യമാണെന്നതിനാലും ഇവര്‍ നേരിട്ടുതന്നെ ബുക്ക് ചെയ്യുകയാണ്. 
കൂടാതെ മൊബൈല്‍ വഴിയും ഓണ്‍ലൈന്‍ വാങ്ങലിന് സൗകര്യപ്രദമായ ആപ്ളിക്കേഷനുകള്‍ ലഭ്യമാണെന്നും ട്രാവല്‍ ഏജന്‍റ്  പറഞ്ഞു. വലിയ കമ്പനികളുടെ മൊത്തമായുള്ള ബുക്കിങ്ങാണ് ഇവരുടെ ഇപ്പോഴത്തെ ആശ്രയം. ‘പേ-പാല്‍’ന്‍െറ കണക്കുകള്‍ പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, ആഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയാണ് യാത്രാ ടിക്കറ്റുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ വ്യാപാരം നടക്കുന്ന മറ്റു ഉല്‍പനങ്ങള്‍. 
ഓണ്‍ലൈന്‍ വ്യാപാരികളില്‍ 70 ശതമാനത്തിന്‍െറയും അഭിപ്രായത്തില്‍ തൃപ്തികരമായ വിലനിലവാരമാണ് ഈ മേഖലയെ ആകര്‍ഷകമാക്കുന്നത്. എന്നാല്‍, ഇടപാടുകള്‍ വളരെ സൗകര്യപ്രദമാണെന്നാണ് 56 ശതമാനത്തിന്‍െറ പ്രതികരണം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.