ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഹമദ് വിമാനത്താവളത്തിലും

ദോഹ: ഗൂഗിളിന്‍െറ അതിനൂതന സാങ്കേതികവിദ്യയായ സ്ട്രീറ്റ് വ്യൂ സൗകര്യം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജീകരിച്ചതായി വിമാനത്താവള വൃത്തങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ ഡിജിറ്റല്‍ സ്ട്രാറ്റജി ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് രാജ്യത്തിന്‍്റെ തന്നെ അഭിമാനമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയത്. പുതിയ സംവിധാനം ആരംഭിച്ചതോടെ ഇന്‍റര്‍നെറ്റ് കണക്ഷന്‍ കൈവശമുള്ള ആര്‍ക്കും ആറ് ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള വിമാനത്താവളത്തിലെ അഞ്ച് കോണ്‍കോഴ്സുകള്‍, പ്രധാന പോയിന്‍റുകള്‍, ഖത്തര്‍ ഡ്യൂട്ടിഫ്രീ, അതിന്‍്റെ പ്രീമിയം ഷോപ്പിങ് എംപോറിയം എന്നിവയുള്‍പ്പെടെ ടെര്‍മിനല്‍ മുഴുവനും കാണാന്‍ സാധിക്കും. 
ഗൂഗിളിന്‍്റെ സ്ട്രീറ്റ് വ്യൂ ഏര്‍പ്പെടുത്തിയതോടെ ലോകത്തിന്‍െറ ഏത് ഭാഗത്തിരുന്നും ലോകത്തിലെ വിമാനത്താവളത്തിന്‍െറ വിവിധ സൗകര്യങ്ങള്‍ കാണാനും ഹമദ് വിമാനത്താവളത്തിന്‍െറ രൂപഘടനയും അടുത്തറിയാന്‍ കഴിയും. മിഡീലീസ്റ്റില്‍ ഗൂഗിളിന്‍െറ 360 ഡിഗ്രി സ്ട്രീറ്റ് വ്യൂ സ്ഥാപിക്കുന്ന ആദ്യ വിമാനത്താവളമെന്ന അംഗീകാരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി വിമാനത്താവളത്തിലെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പ്രധാനപ്പെട്ടതും ആകര്‍ഷണീയവുമായ സ്ഥലങ്ങള്‍ സട്രീറ്റ് വ്യൂ സംവിധാനത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഗൂഗിളിന്‍്റെ പ്രവര്‍ത്തനം തുടരുകയാണെന്നും ഹമദ് വിമാനത്താവളത്തില്‍ ഇത് സ്ഥാപിക്കാനായതില്‍ സന്തോഷമുണ്ടെന്നും ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ക്ക് ഈ സംവിധാനം വഴി തങ്ങള്‍ യാത്രചെയ്യാനോ കടന്നു പോകാനോ സാധ്യതയുള്ള വിമാനത്താവളത്തെ അടുത്തറിയാന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രോഗ്രാം ഗ്ളോബല്‍ ലീഡ് ഉള്‍ഫ് സ്പിറ്റ്സര്‍ പറഞ്ഞു. 
ഗൂഗിളിന്‍്റെ നാവിഗേഷന്‍ സംവിധാനങ്ങളില്‍ ഏറ്റവും നൂതനമായതാണ് ഗൂഗിള്‍  സ്ട്രീറ്റ് വ്യൂ. ലോകത്തിലെ പ്രധാനപ്പെട്ടതും ആകര്‍ഷണീയവുമായ സ്ഥലങ്ങളെ സംബന്ധിച്ച് അവിടെയത്തൊതെ തന്നെ നമുക്ക് മനസ്സിലാക്കിത്തരുവാന്‍ സ്ട്രീറ്റ് വ്യൂവിന് സാധിക്കുന്നു. 
പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ഘടിപ്പിച്ച ക്യാമറയുടെ സഹായത്താല്‍ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും മുക്കും മൂലയും ദൃശ്യങ്ങളായി പകര്‍ത്തി സഞ്ചരിക്കുന്ന വഴിയുടെ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനമാണ് ഇതിലൂടെ നടക്കുന്നത്. വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വിന് പുതിയ സംവിധാനം ഏറെ ഉപകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.