ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അനിവാര്യം -ഐ.എം.എഫ് ചര്‍ച്ച

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച വിദ്യാഭ്യാസ ചര്‍ച്ചയില്‍ ഏകകണ്ഠമായ അഭിപ്രായം ഉയര്‍ന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത പ്രതിസന്ധിക്ക് പരിഹാരനിര്‍ദേശങ്ങള്‍ സ്വരൂപിക്കാനായി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ പാനല്‍ അംഗങ്ങളും കമ്യൂണിറ്റി സ്കൂള്‍ രൂപവല്‍കരിക്കേണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ സന്നദ്ധമാണെന്ന് പ്രസിഡന്‍റ് ഗിരീഷ്കുമാര്‍ വ്യക്തമാക്കി. സ്കൂള്‍ പ്രവേശനം ലഭിക്കുന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധിയും ആശങ്കയുമാണ് പ്രധാനമായി ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസ പ്രതിസന്ധി ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഇക്കാര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ടെന്നും വിഷയം അവതരിപ്പിച്ച  പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. ഖത്തറില്‍ ആറു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഇതില്‍ നാലര ലക്ഷം പേര്‍ തൊഴിലാളികളാണ്. അവശേഷിക്കുന്ന രണ്ടു ലക്ഷം പേരാണ് കുടുംബങ്ങളായി ഇവിടെ കഴിയുന്നത്. രാജ്യത്താകെ 14 ഇന്ത്യന്‍ സ്കൂളുകളിലായി 35,000 മുതല്‍ 40,000വരെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 2000നും 2500നും ഇടയില്‍ അധ്യാപകരും ജോലി ചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കൂടി താങ്ങാവുന്ന വിധത്തില്‍ പര്യാപ്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ ജനസംഖ്യ അസ്വാഭിവകമായ രീതിയില്‍ വര്‍ധിക്കുന്നതാണ് പ്രവേശനപ്രതിസന്ധിയുടെ പ്രധാനകാരണങ്ങളിലൊന്നെന്ന് ഐ.ബി.പി.എന്‍ പ്രസിഡന്‍റ് കെ.എം. വര്‍ഗീസ് പറഞ്ഞു. വരുംവര്‍ഷങ്ങളിലും രാജ്യത്തെ ജനസംഖ്യ വര്‍ധിക്കും. അതിനനുസരിച്ച് സ്കൂള്‍ പ്രവേശന പ്രതിസന്ധിയും ദീര്‍ഘിക്കും. ഇത് മുന്നില്‍കണ്ടുകൊണ്ടുള്ള നടപടികളുണ്ടാകണം. സ്കൂളുകള്‍ രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിപ്പിക്കാന്‍  സര്‍ക്കാറില്‍ നിന്നും അനുമതി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്കൂളുകളില്‍ കൂടുതലായി ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്നും ഇത് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ സ്കൂളിലെയും സാഹചര്യങ്ങള്‍ കൃത്യമായി അധികൃതരെ ബോധ്യപ്പെടുത്തുകയും ഇന്ത്യന്‍ സ്കൂളുകളില്‍ പഠനം നടത്തുന്ന ഇന്ത്യാക്കാരല്ലാത്ത കുട്ടികളുടെ കണക്കുകള്‍ അറിയിക്കുകയും ചെയ്തതാല്‍  സ്കൂളുകളുടെ വിപുലീകരണത്തിനോ കമ്യൂണിറ്റി സ്കൂളിനോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
കമ്യൂണിറ്റി സ്കൂള്‍ നടപ്പാകുന്നതിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇതിനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഡോ. മോഹന്‍ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍െറ കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ടു സ്കൂളുകള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‍െറ ബുദ്ധിമുട്ടുകളും അദ്ദേഹം വിശദീകരിച്ചു. 50 സ്ക്വയര്‍മീറ്റര്‍ വിസ്തീര്‍ണമുണ്ടായിരിക്കണം ക്ളാസ്റൂമിന്. ഒരു കുട്ടിക്ക്  ക്ളാസ്റൂമിന് പുറത്ത് എട്ടു സ്ക്വയര്‍മീറ്റര്‍ സ്ഥലമുണ്ടായിരിക്കണം. ഒരു ക്ളാസിന് രണ്ടു പാര്‍ക്കിങുകളും വേണം. ബിര്‍ള സ്കൂളില്‍ 3700 കുട്ടികളാണ് പഠിക്കുന്നത്. ഇത് 1480ആയി കുറയ്ക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഖത്തറിലെ സ്കൂളുകള്‍ക്ക് രാജ്യാന്തരനിലവാരം വേണമെന്നാണ് അധികൃതര്‍ ആഗ്രഹിക്കുന്നത്. കമ്യൂണിറ്റി സ്കൂള്‍ നല്ല ആശയമാണ്. കെ.എം.വര്‍ഗീസ് ചൂണ്ടിക്കാട്ടിയ രണ്ടു ഷിഫ്റ്റ് എന്ന ആശയം സാധ്യമല്ളെന്നും ഇക്കാര്യം സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗതാഗത പ്രശ്നങ്ങളും അധ്യാപകരുടെ ജോലിഭാരവും നിലവാരപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഒരുകാരണവശാലും അനുവദിക്കാനാകില്ളെന്ന് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ചെറിയ വരുമാനക്കാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് കെ.സി അബ്ദുല്ലത്തീഫ് ചൂണ്ടിക്കാട്ടി. സര്‍ക്കാറുകള്‍ തമ്മില്‍ നയപരമായ ഇടപെടലുകളുണ്ടാകണം. വിദ്യാഭ്യാസ കാരത്തില്‍ ഖത്തര്‍ ചില കാര്യങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുമ്പോള്‍ ചിലകാര്യങ്ങളില്‍ അയഞ്ഞ സമീപനമെടുക്കുന്നുണ്ട്. 
സ്കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ അവരുടേത് കര്‍ശന നിലപാടാണ്. ഇക്കാര്യത്തില്‍ രാജ്യാന്തര നിലവാരമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസവിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണം. നമ്മുടെ രാജ്യത്തിന്‍െറ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം അവരുടെ മുന്നില്‍ ശക്തമായി അവതരിപ്പിക്കണം. ഖത്തറില്‍ സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാനൊരുങ്ങുകയാണ്. സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ ഉള്‍പ്പടെ നടപ്പാക്കിയില്ളെങ്കില്‍  ലൈസന്‍സ് റദ്ദാകുന്ന അവസ്ഥയുണ്ടാകും. ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുമ്പോള്‍ ചെലവേറുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കമ്യൂണിറ്റി സ്കൂള്‍ എന്ന ആവശ്യം അധികൃതരുടെ മുന്നില്‍ കൃത്യമായി അവതരിപ്പിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിക്കാനാകണമെന്ന് പ്രവാസി ക്ഷേമബോര്‍ഡ് അംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ് പറഞ്ഞു. 
കമ്യൂണിറ്റി സ്കൂള്‍ ആരംഭിക്കുകയെന്നത് ശ്രമകരമായ ദൗത്യമാണെന്നും വെല്ലുവിളിയോടെ അത് ഏറ്റെടുത്ത് നടപ്പാക്കണമെന്നും സലിം പൊന്നമ്പത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന്‍െറ ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സ്കൂളുകള്‍ ആവശ്യമാണ്. 
ഐ.സി.സി മുന്‍കൈയെടുത്ത് സ്വകാര്യ സംരംഭകരെക്കൂടി പങ്കാളികളാക്കി മുന്നോട്ടുപോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവേശനം കിട്ടാതെ പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ നടപടിയുണ്ടാകണമെന്ന് മാധ്യമപ്രവര്‍ത്തകനായ സന്തോഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളുടെ വിവരശേഖരണം നടത്തുന്നതിന് ഐ.സി.സി മുന്‍കൈയെടുക്കാമെന്ന് ഗിരീഷ്കുമാര്‍ ഉറപ്പ് നല്‍കി. ഖത്തറില്‍ സ്വകാര്യ സ്കൂളുകള്‍ക്കെതിരായ കാമ്പയിന്‍ നടന്നതാണ് ഇന്ത്യന്‍സ്കൂളുകള്‍ക്കെതിരെ അധികൃതര്‍ കര്‍ശനമായി നിലപാടെടുക്കാന്‍ കാരണമെന്ന് പി.എന്‍. ബാബുരാജന്‍ ചൂണ്ടിക്കാട്ടി. 
കമ്യൂണിറ്റി സ്കൂളിന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിറ്റി സ്കൂള്‍ ആരംഭിക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ശക്തമാക്കണമെന്ന് അമാനുല്ല വടക്കാങ്ങര ആവശ്യപ്പെട്ടു. ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്‍റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി.ഷാനവാസ് നന്ദി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.