ജാതിവിവേചനങ്ങളെ വിചാരണ  ചെയ്ത് ‘കരിമുഖങ്ങള്‍’

ദോഹ: ലോക നാടകദിനത്തില്‍ നാടക സൗഹൃദം ദോഹ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ അവതരിപ്പിച്ച നാടകം ‘കരിമുഖങ്ങള്‍’ ജാതിചിന്തയുടെയും വിവേചനത്തിന്‍െറയും നേര്‍ക്കുള്ള സമകാലിക വിചാരണയായി. തമിഴ് നോവലിസ്റ്റ് ജയമോഹനന്‍െറ നൂറു സിംഹാസനങ്ങള്‍ എന്ന നോവലിന്‍െറ സ്വതന്ത്ര നാടകവിഷ്കാരമായ കരിമുഖങ്ങള്‍ ശ്രീജിത്ത് പൊയില്‍കാവാണ് സംവിധാനം ചെയ്തത്. അവതരണ മികവ് കൊണ്ടും അഭിനയമികവ് കൊണ്ടും നാടകം ശ്രദ്ധേയമായി. നായാടിയായി ജനിച്ച് പഠിച്ചുവളര്‍ന്ന് സമൂഹത്തില്‍ നിലയും വിലയുമുള്ള സ്ഥാനത്ത് എത്തിയിട്ടും ജാതിയുടെ പേരില്‍ അവഗണിക്കുകയും മറ്റുള്ളവരുടെ പരിഹാസ പാത്രവുമായി തീര്‍ന്ന മനുഷ്യന്‍, അവന്‍െറ ഭൂതകാലത്തിലൂടെയും വര്‍ത്തമാനകാലത്തിലൂടെയും കടന്നുപോകുന്ന, അവനനുഭവിക്കേണ്ടി വരുന്ന യാതനകളുടെയും മാനസിക സംഘര്‍ഷങ്ങളും അരങ്ങില്‍ അവതരിപ്പിക്കുന്നതായിരുന്നു കരിമുഖങ്ങള്‍. നാടക, സീരിയല്‍ സിനിമ താരം കെ.കെ സുധാകരനും അഷ്ടമി ജിത്തും ജമാല്‍ വേളൂരും മികച്ച പ്രകടനം കൊണ്ട് പ്രേക്ഷകപ്രശംസ നേടി. നാടോടിയായി വേഷമിട്ട അഷ്ടമി ജിത്തിന്‍െറ മികച്ച പ്രകടനത്തിന് നാടകസമാപന വേദിയില്‍ വച്ച് തന്നെ പ്രേക്ഷകന്‍ ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.
നാടകവേദികള്‍ വെറും കെട്ടുകാഴ്ചകളാകുന്ന കാലത്ത് കേരളത്തില്‍ അമേച്വര്‍ നാടകരംഗം ശക്തമായിക്കൊണ്ടിരികുന്നത് മലയാള നാടക വേദിക്ക് പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രശസ്ത നാടക സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ശ്രീജിത്ത് പൊയില്‍ക്കാവ് അഭിപ്രായപ്പെട്ടു. നാടക ദിനത്തില്‍ നാടക സൗഹൃദം ദോഹ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശപ്പിന്‍െറയും വിയര്‍പ്പിന്‍െറയും കലയാണ് നാടകമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.സി അശോക ഹാളില്‍ നടന്ന ലോകനാടക ദിനാചരണം മുന്‍ ഐ.സി.സി പ്രസിഡന്‍റ് കെ.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യതീന്ദ്രന്‍ മാസ്റ്റര്‍, ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ദിവാകരന്‍ നമ്പൂതിരി, എസ്്.എ.എം ബഷീര്‍, മുഹമ്മദലി, പി.എന്‍ ബാബുരാജ്, പ്രദോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.