പരസ്യ പ്രചാരണത്തിന് ശേഷം സൈബര്‍ ലോകത്തേക്ക്

ദോഹ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പതിവില്‍ കവിഞ്ഞ ചൂടുണ്ടായിരുന്ന ഖത്തറില്‍ നിശബ്ദമായാണ് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ഥി പര്യടനവുമൊക്കെ പൊടിപൊടിച്ച ആദ്യഘട്ടത്തിന് ശേഷം പ്രചാരണം സൈബര്‍ ലോകത്തും ബാച്ചിലര്‍ മുറികളിലെ വാഗ്വാദങ്ങളിലും ഒതുങ്ങി. രാഷ്ട്രീയ ചായ്വുള്ള പ്രവാസി സംഘടനകളുടെയെല്ലാം പ്രധാന പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ആവേശത്തില്‍ പങ്കാളികളാവാനും വോട്ടുചെയ്യാനുമായി നാട്ടിലേക്ക് തിരിച്ചതിനാല്‍ ഇവിടെ പരസ്യ പ്രചാരണ പരിപാടികളൊന്നുമില്ല. പകരം നാട്ടിലെ ഇളകുന്ന വോട്ടുകള്‍ ഉറപ്പിക്കാനും ഓരോരുത്തരുടെയും സ്വാധീനവലയങ്ങളിലുള്ളവരെ വിളിച്ചും സന്ദേശമയച്ചും വോട്ടുചോദിക്കുകയാണ് അവശേഷിക്കുന്നവര്‍. വോട്ടവകാശമുള്ള, നാട്ടിലേക്ക് പോകാന്‍ സാധിക്കുന്നവരെ നാട്ടിലേക്കയക്കുന്നത് ഏതാണ്ട് അവസാനിച്ചിട്ടുണ്ട്.
കുറഞ്ഞവോട്ടിന്‍െറ വ്യത്യാസമുള്ളതും വാശിയേറിയ മത്സരം നടക്കുന്നതുമായ മണ്ഡലങ്ങളിലേക്ക് സാധിക്കുന്ന പ്രവര്‍ത്തകരെയെല്ലാം അയച്ചതായി കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ജാഫര്‍ തയ്യില്‍ പറഞ്ഞു. പരസ്യപ്രചാരണം ആദ്യഘട്ടത്തില്‍ നടത്തിയതാണ്. ഇനി ഇവിടെ അത്തരം പ്രചാരണങ്ങള്‍ക്ക് പ്രസക്തിയില്ല. നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ കഴിയുന്നവരെ സഹായിക്കുകയാണ് ചെയ്യുന്നത്. പുറമെ നാട്ടിലെ വോട്ടുകള്‍ ഇവിടെയിരുന്ന് ഉറപ്പാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളും നടത്തുന്നു.
നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ട് വോട്ടുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് കോണ്‍ഗ്രസിന്‍െറ പ്രവാസി സംഘടനയായ ഒ.ഐ.സി.സി (ഇന്‍കാസ്) ഗ്ളോബല്‍ ജനറല്‍സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കൂറ്റ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍കാസ് ഓരോ ജില്ലകളിലും കോ ഓഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ലേബര്‍ ക്യാമ്പുകളിലടക്കം സഞ്ചരിച്ച് പ്രവര്‍ത്തകരെയും അനുഭാവികളെയും കൊണ്ട് നേരിട്ട് തന്നെ നാട്ടിലേക്ക് വിളിപ്പിക്കുന്നുണ്ട്. അതിനുള്ള റീചാര്‍ജ് ചെലവുകളൊക്കെ സംഘടന തന്നെ നല്‍കുന്നു.
വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈന്‍ വഴി വോട്ടുചേര്‍ക്കുകയും പ്രവര്‍ത്തകര്‍ക്ക് വെബ്സൈറ്റ് പരിചയപ്പെടുത്തുകയും ചെയ്തത് ഒഴിച്ചാല്‍ സി.പി.എമ്മിന്‍െറ പ്രവാസിസംഘടനയായ സംസ്കൃതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ളെന്ന് മുന്‍ ജനറല്‍ സെക്രട്ടറി ഇ.എ സുധീര്‍ പറഞ്ഞു. വോട്ട് ചെയ്യാന്‍ താല്‍പര്യമുള്ള പ്രവര്‍ത്തകരെല്ലാം സ്വന്തം നിലക്കുതന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകള്‍ ഉറപ്പിക്കാന്‍ ഫോണിലും വാട്ട്സ് ആപ് പോലുള്ളവ വഴിയും ശ്രമിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ പ്രവാസിയായ കെ.എം.സി.സി നേതാവ് പാറക്കല്‍ അബ്ദുല്ല കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ ഇത്തവണ ഖത്തറിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് പ്രചാരണം ആവേശം നിറഞ്ഞതായിരുന്നു.
പോസ്റ്ററുകളും മറ്റും ഉയര്‍ത്തി മിക്ക മണ്ഡലം കമ്മിറ്റികളും കണ്‍വെന്‍ഷനുകളും പ്രചാരണ പരിപാടികളും നടത്തി. പാറക്കല്‍ ഖത്തറിലത്തെി മാര്‍ക്കറ്റ് അടക്കമുള്ള പൊതുസ്ഥലങ്ങളിലും വില്ലകളിലും വോട്ടുചോദിച്ച് പര്യടനം നടത്തിയത് കൗതുകമായി. നാദാപുരം, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളും വോട്ടുചോദിച്ചത്തെി. കൊണ്ടോട്ടി, ഏറനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും ആദ്യഘട്ടത്തില്‍ ഖത്തറിലത്തെിയിരുന്നു.
കള്‍ചറല്‍ ഫോറം പ്രവര്‍ത്തകരും വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി മണ്ഡലം കണ്‍വെന്‍ഷനുകള്‍ നടത്തി. സ്ഥാനാര്‍ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തകരോട് സംസാരിക്കാനുള്ള അവസരവും മിക്ക കണ്‍വെഷനുകളിലും ഒരുക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.