ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷ സൈനിക അഭ്യാസ പ്രകടനമായ ‘വതൻ എക്സസൈസ് 2024’ ന് നവംബർ 10ന് തുടക്കം കുറിക്കുമെന്ന് ‘വതൻ’ എക്സസൈസ് വിഭാഗം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന നാലാമത് വതൻ സൈനികാഭ്യാസം 13 വരെ നീളും.
ഖത്തർ സൈനിക വിഭാഗങ്ങൾ, വിവിധ സുരക്ഷ വിഭാഗങ്ങൾ, മന്ത്രാലയങ്ങൾ ഉൾപ്പെടെ 70ഓളം സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ‘വതൻ’ അഭ്യാസപ്രകടനത്തിൽ ഇറ്റാലിയൻ സുരക്ഷ വിഭാഗവും പങ്കെടുക്കും. ലഖ്വിയ ആസ്ഥാനത്ത് നടന്ന വാർത്തസമ്മേളനത്തിൽ വതൻ എക്സസൈസ് ആൻഡ് ജനറൽ സൂപ്പർവൈസർ സ്ഥിരം കമ്മിറ്റി ചെയർമാൻ സ്റ്റാഫ് ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅബി സൈനിക അഭ്യാസം സംബന്ധിച്ച പരിപാടികൾ വിശദീകരിച്ചു.
വിവിധ മേഖലകളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലിക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷസേന വിഭാഗങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘വതൻ’ അഭ്യാസം നടത്തുന്നത്.
സൈനിക, സുരക്ഷ, സിവിലിയൻ വിഭാഗങ്ങൾ തമ്മിൽ ഏകോപനവും, അടിയന്തര സാഹചര്യങ്ങളിൽ സംയുക്ത ഓപറേഷനുകളും നീക്കങ്ങളും നടത്താനുള്ള മികവും, ദുർഘട സാഹചര്യങ്ങളിൽ പ്രതികരിക്കാനുള്ള പ്രാപ്തിയും നൽകുകയാണ് ലക്ഷ്യമെന്ന് സ്റ്റാഫ് ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കഅബി പറഞ്ഞു.
വെല്ലുവിളികൾ നിറഞ്ഞ 55ഓളം സാഹചര്യങ്ങളിലായിരിക്കും നാലു ദിവസം നീളുന്ന സംയുക്ത സുരക്ഷ അഭ്യാസം. വതൻ കമ്മിറ്റിക്ക് കീഴിലെ വിദഗ്ധസംഘം ആസൂത്രണം ചെയ്ത പദ്ധതികളുടെ അടിസ്ഥാനത്തിലാണ് പരിശീലനം. ദുർഘട സാഹചര്യങ്ങളും, കൃത്രിമമായി തയാക്കിയ പരിശീലന കേന്ദ്രങ്ങളുമെല്ലാം ഉൾപ്പെടും.
ആറു ഘട്ടങ്ങളിലായി അഭ്യാസ പ്രകടനം നടക്കുമെന്ന് വതൻ ലീഡർഷിപ് ആൻഡ് കൺട്രോൾ സെൽ കമാൻഡർ മേജർ മുഹമ്മദ് അഹ്മദ് ജാബിർ അബ്ദുല്ല അറിയിച്ചു. പ്രാഥമിക ഘട്ടം, റെഡിനസ്, പ്രിപ്പറേഷൻ, ഓഫിസ് കേന്ദ്രമാക്കിയുള്ള അഭ്യാസങ്ങൾ, ഫീൽഡ് അഭ്യാസങ്ങൾ, സമാപന പ്രകടനം എന്നിവയാണ് ആറ് ഘട്ടങ്ങൾ.
ഖത്തറിലെ കര, കടൽ, ആകാശം ഉൾപ്പെടെ മുഴുവൻ മേഖലകളും ഉൾപ്പെടെയാവും പരിശീലനം നടക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങൾ, സർവിസ് സ്ഥാപനങ്ങൾ, താമസ കേന്ദ്രങ്ങൾ, പ്രധാന റോഡുകൾ, ഷോപ്പിങ് സെന്ററുകൾ ഉൾപ്പെടെ വിവിധ ഇടങ്ങൾ സൈനിക-സുരക്ഷ അഭ്യാസവേദികളാവും.
സൈനിക -സുരക്ഷ വിഭാഗങ്ങൾക്കൊപ്പം സർക്കാർ ഓഫിസുകൾ ഉൾപ്പെടെ സിവിലിയൻ സ്ഥാപനങ്ങളും ഭാഗമാവുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പബ്ലിക് റിലേഷൻസ് ഡയറക്ടർ എൻജി. മുഹമ്മദ് അഹ്മദ് അൽ ദാഹി അറിയിച്ചു.
2022 ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായായിരുന്നു പ്രഥമ വതൻ പരിശീലന പരിപാടി. ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പ് എന്ന നിലയിൽ നടന്ന ഫിഫ അറബ് കപ്പിന് മുമ്പ് 13 രാജ്യങ്ങളിലെ സേനാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയാണ് ആദ്യ വതൻ അഭ്യാസം അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.