ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ പോരാട്ടങ്ങൾ നിർണായക ഘട്ടത്തിലേക്ക് നീങ്ങവേ പരിക്കിൽനിന്നും മോചിതനായ സീനിയർ സ്ട്രൈക്കർ മുഹമ്മദ് മുൻതാരിയെ തിരികെ വിളിച്ച് ഖത്തർ ദേശീയ ടീം പരിശീലകൻ മാർക്വേസ് ലോപസ്. നവംബർ 14ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉസ്ബകിസ്താനെതിരായ ഖത്തറിന്റെ ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള 27 അംഗ ടീമിലാണ് 30കാരനായ മുൻതാരിയെ ഉൾപ്പെടുത്തിയത്.
ഈ വർഷമാദ്യം നടന്ന ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പിനിടെ കംബോഡിയക്കെതിരായ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റാണ് മുൻതാരി പുറത്തായത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് ഏഷ്യൻ കപ്പും, അറേബ്യൻ ഗൾഫ് കപ്പും നഷ്ടമായി.
ഒക്ടോബറിൽ ഖത്തർ സ്റ്റാർസ് ലീഗിൽ അൽ ഗറാഫയിലൂടെ തിരികെയെത്തിയ താരം അൽ ദുഹൈലിനെതിരായ മത്സരത്തിൽ ഗോളടിച്ച് വരവറിയിച്ചിരുന്നു. അതിനു പിറകെയാണ് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്.
14ന് ഉസ്ബകിസ്താനെയും, 19ന് അൽ ഐനിൽ യു.എ.ഇയെയും നേരിടാനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ ഗ്രൂപ് റൗണ്ടിൽ ഒരോ ജയവും സമനിലയും ഒപ്പം രണ്ട് തോൽവിയുമുള്ള ഖത്തർ നാല് പോയൻറുമായി നാലാം സ്ഥാനത്താണ്. ഇറാൻ (10), ഉസ്ബകിസ്താൻ (10), യു.എ.ഇ (4) എന്നിവരാണ് മുന്നിലുള്ളത്. ആറ് മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാർക്കാവും ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.