രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് 2022  ലോകകപ്പ് മുതല്‍ക്കൂട്ടാകും -ഹസന്‍ അല്‍ തവാദി

ദോഹ: കായിക വ്യാവസായ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ഖത്തറിന്‍െറ സാമ്പത്തിക രംഗത്ത് വളര്‍ച്ചയുണ്ടാകുമെന്നും 2022ലെ ഫുട്ബാള്‍ ലോകകപ്പ് സാമ്പത്തിക വളര്‍ച്ചക്ക് മുതല്‍ക്കൂട്ടാകുമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. സാമ്പത്തിക വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച സ്പോര്‍ട്സ് ബിസിനസ് ഓപര്‍ച്യൂനിറ്റീസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഫോറത്തിന്‍െറ ഉദ്ഘാടനത്തിന് ശേഷം സാമ്പത്തിക മന്ത്രാലയം ആസ്പയര്‍ സോണുമായി ചേര്‍ന്ന് സ്പോര്‍ട്സ് ബിസിനസ് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സുപ്രീം കമ്മിറ്റിയുമായി ചേര്‍ന്ന് മന്ത്രാലയം രൂപവല്‍കരിച്ച ഖത്തര്‍ സ്പോര്‍ട്സ് ബിസിനസ് ക്ളസ്റ്റര്‍, രാജ്യത്തെ ബിസിനസ് അവസരങ്ങള്‍ വിശകലനം ചെയ്യുമെന്നും ഫോറത്തില്‍ പ്രഖ്യാപിച്ചു. 
ലോകത്തിന്‍െറ സ്പോര്‍ട്സ് ഹബ്ബായി ഖത്തര്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നതായി ഫോറത്തില്‍ സംസാരിച്ച സാമ്പത്തിക വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനി പറഞ്ഞു. വിഷന്‍ 2030ന്‍െറ  പ്രധാനഭാഗമാണ് കായികരംഗമെന്നും ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയും ഫോറത്തില്‍ സംബന്ധിച്ചു.              

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.