റമദാനിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചാരിറ്റികള്‍ ഒരുങ്ങി

ദോഹ: റമദാന്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇഫ്താര്‍ ടെന്‍റുകള്‍ അടക്കമുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിലെ ചാരിറ്റി സംഘടനകള്‍ ഒരുങ്ങി. റമദാനിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് റിയാലിന്‍െറ പദ്ധതികളാണ് ചാരിറ്റി-സര്‍ക്കാര്‍ സംഘടനകള്‍ പ്രഖ്യാപിക്കാറുള്ളത്. ഖത്തറിലും മറ്റ് 15 രാജ്യങ്ങളിലുമായി 96 ദശലക്ഷം റിയാലിന്‍െറ പദ്ധതികള്‍ റമദാനില്‍ നടപ്പാക്കുമെന്ന് ഖത്തര്‍ റെഡ്ക്രസന്‍റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 
ഭക്ഷ്യ, ആരോഗ്യ, വികസന മേഖലകളിലാണ് ഇത്രയും തുക ചെലവഴിക്കുന്നത്. ഇതില്‍ 31.1 ലക്ഷം റിയാല്‍ ഖത്തറില്‍ മാത്രം ചെലവഴിക്കും. താഴ്ന്ന വരുമാനക്കാര്‍ക്കായി ഇഫ്താര്‍ ടെന്‍റുകള്‍, പെരുന്നാള്‍ വസ്ത്രവിതരണം തുടങ്ങിയവയാണ് ഖത്തറില്‍ നടപ്പാക്കുക. 
ആശുപത്രിയില്‍ രോഗികളായി കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി ‘ഇതാണെന്‍െറ ആഗ്രഹം’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഖുര്‍ആന്‍ മനപാഠമാക്കുന്ന കുട്ടികളെ ആദരിക്കാനും പരിപാടിയുണ്ട്. റെഡ്ക്രസന്‍റ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന  ഇഫ്താര്‍ ടെന്‍റുകള്‍ റമദാനില്‍ ഒരു ലക്ഷം പേര്‍ക്ക് ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
14 രാജ്യങ്ങളില്‍ 1,26,000ത്തിലേറെ കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് 78 ലക്ഷം റിയാലാണ് നീക്കിവെക്കുന്നത്. വിവിധ രാജ്യങ്ങളില്‍ കഴിയുന്ന സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കും ലെബനാന്‍, ജോര്‍ദാന്‍, യമന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സുഡാന്‍, സോമാലിയ, നൈജര്‍, ചാഡ്, മധ്യആഫിക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ വിതരണം ചെയ്യുക. മിഡില്‍ ഈസ്റ്റിലെ 15 രാജ്യങ്ങളില്‍ മറ്റ് പദ്ധതതികള്‍ക്കായി 15 ലക്ഷം റിയാലും ചെലവഴിക്കും. കഴിഞ്ഞ വര്‍ഷം 100 ദശലക്ഷം റിയാലിന്‍െറ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ റെഡ്ക്രസന്‍റ് റമദാനില്‍ നടത്തിയത്. എല്ലാ റമദാനിലും ദിവസേന 6,000 തൊഴിലാളികള്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യപ്പെടുന്ന ടെന്‍റുകള്‍ റെഡ്ക്രസന്‍റ് നിര്‍മിക്കാറുണ്ട്. 2014ല്‍ 2,800 പേര്‍ക്ക് ഒരുക്കിയ ടെന്‍റുകള്‍ പിന്നീട് വര്‍ധിപ്പിക്കുകയായിരുന്നു. ടെന്‍റുകള്‍ക്ക് പുറമെ ആശുപത്രികള്‍, ഗ്രാന്‍ഡ് മോസ്ക്, ഇന്‍റസ്ട്രിയല്‍ ഏരിയയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനും റെഡ്ക്രസന്‍റ് ലക്ഷങ്ങളാണ് നീക്കിവെക്കുന്നത്. 
ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ റെഡ് ക്രസന്‍റ് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരക്കുന്നുമുണ്ട്. ഏത് പദ്ധതികള്‍ക്കാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കികൊണ്ട് എസ്.എം.എസ് വഴി സംഭാവന നല്‍കാവുന്നതാണ്. കുടിവെള്ളത്തിനായി കിണര്‍ കുഴിച്ചുനല്‍കുന്ന പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ‘ചാരിറ്റി’ എന്നാണ് എസ്.എം.എസ് അയക്കേണ്ടത്. 
ആരോഗ്യ പദ്ധതികള്‍ക്ക് ‘ട്രീറ്റ്മെന്‍റ് ’ എന്നും സിറിയയല്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ‘സിറിയ’ എന്നും യമനിലേക്കാണെങ്കില്‍ ‘യമന്‍’ എന്നും എസ.്എം.എസ് അയക്കണം. 1000 റിയാല്‍ അയക്കുന്നവര്‍ 92740 എന്ന നമ്പറിലേക്കും 500 റിയാല്‍ സംഭാവന നല്‍കാന്‍ 92770 എന്ന നമ്പറിലും 100 റിയാല്‍ നല്‍കാന്‍ 92766 എന്ന നമ്പറിലും എസ്.എം.എസ് അയക്കണം. 
ചാരിറ്റിയുടെ 4402 7700, 4402 7883, 4402 7875, 6666 6364, 6664 4822 എന്നീ ഹോട്ട്ലെന്‍ നമ്പറുകളില്‍ വിളിച്ചും സംഭാവനകള്‍ കൈമാറാവുന്നതാണ്. ഷോപ്പിങ് മാളുകളില്‍ സജ്ജമാക്കിയ കൗണ്ടറുകളിലും സംഭാവന നല്‍കാം.
ഖത്തര്‍ ഫൗണ്ടേഷന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ റീച്ച് ഒൗട്ട് ടു ഏഷ്യ (റോട്ട)യും റമദാനിലെ വിവിധ പരിപാടികള്‍ പ്രഖ്യാപിച്ചു. സോഷ്യല്‍ ഡെവലപ്മെന്‍റ് സെന്‍റര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, തുമാമയിലെ ഓട്ടിസം സെന്‍റര്‍, ബംഗ്ളാദേശ് എം.എച്ച്.എം സ്കൂള്‍ എന്നിവയുമായി സഹകരിച്ച്, റോട്ട മുതിര്‍ന്നവര്‍ക്കും തൊഴിലാളികള്‍ക്കും ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം നടത്തും. റോട്ടയുടെ വളണ്ടിയര്‍മാര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എല്‍ഡേര്‍ലി പീപ്പിള്‍ (ഇഹ്സാന്‍) എന്ന സംഘടന പ്രതിനിധികളോടൊപ്പമാണ് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യുക. അല്‍ ഖോര്‍, അല്‍ ശമാല്‍ മുനിസിപ്പാലിറ്റികളിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായും ഭക്ഷണ വിതരണം നടത്തും. 
സംഭാവനകള്‍ക്ക് പുറമെ ഇഫ്താര്‍ ടെന്‍റുകളിലേക്കും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും വളണ്ടിയര്‍ സേവനങ്ങളും സംഘടനകള്‍ സ്വീകരിക്കും. ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ് തുടങ്ങിയ ചാരിറ്റി സംഘടനകളും റമാദില്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈദ് ചാരിറ്റി റമദാനില്‍ വിവിധ സ്ഥലങ്ങളില്‍ വലിയ തോതില്‍ ബാക്കിയാവുന്ന ഭക്ഷണം ശേഖരിച്ച് വിതണം ചെയ്യുന്ന പദ്ധതി നടപ്പാക്കാറുണ്ട്. 
വീടുകള്‍, ഹോട്ടല്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് പതിവ്. ചാരിറ്റി സംഘടനകളെ കൂടാതെ ഖത്തര്‍ സ്വദേശികള്‍ സ്വന്തം നിലക്കും റമദാനില്‍ ഭക്ഷണവിതരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്താറുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.