ദോഹ: രാജ്യത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക കന്നുകാലി മേഖലയെ സഹായിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി 35000 ടൺ പച്ചപ്പുൽ (ആൽഫ ആൽഫ, റോഡ്സ്, ബാർലി) ഉൽപാദിപ്പിച്ചതായി രാജ്യത്തെ ഭക്ഷ്യ-കാർഷിക വ്യവസായ മേഖലകളിലെ നിക്ഷേപ വിഭാഗമായ ഹസാദ് ഫുഡ് അറിയിച്ചു. പച്ചപ്പുൽ ഉൽപാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഇർക്കിയ, അൽ റിഫ, അൽ സൈലിയ എന്നിവിടങ്ങളിലെ മൂന്ന് ഫാമുകളിലായി ഉൽപാദനം ഒരു കോടി ചതുരശ്രമീറ്ററിലേക്ക് വ്യാപിപ്പിച്ചതായും ഹസാദ് പ്രസ്താവനയിൽ അറിയിച്ചു.
180 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന പച്ചപ്പുൽ ഉൽപാദനത്തിനായി ജലസേചനത്തിനുള്ള അഞ്ച് അധിക പിവറ്റുകൾ വികസിപ്പിക്കുന്ന പദ്ധതിയും ഹസാദ് വികസിപ്പിച്ചിട്ടുണ്ട്. പ്രാദേശിക കാലിത്തീറ്റ ഉൽപാദന മേഖലയിൽ പുനരുപയോഗ ഊർജം ഉപയോഗിക്കാനുള്ള ഹസാദിന്റെ പദ്ധതിക്ക് അനുസൃതമായി സൗരോർജം വഴി പിവറ്റ് ജലസേചനത്തിനായി 600000 ചതുരശ്ര മീറ്റർ പ്രദേശത്ത് രണ്ട് അധിക പിവറ്റുകളും ഹസാദ് അനുവദിച്ചിട്ടുണ്ട്. സൗരോർജം വഴി പ്രവർത്തിക്കുന്ന പിവറ്റുകളുടെ എണ്ണം ആറായി ഉയർത്താനും മൊത്തം വിസ്തീർണം 1.8 ദശലക്ഷം ചതുരശ്രമീറ്ററായി ഉയർത്താനും പദ്ധതിയുണ്ട്.
അൽ ശഹാനിയ, അൽ മസ്റൂഅ, സിമൈസിമ, അൽ വക്റ, അബൂനഖ്ല, അൽ കരാന, ഇർകിയ എന്നീ എട്ട് വിൽപന കേന്ദ്രങ്ങളിലൂടെയാണ് കമ്പനി ഉൽപന്നങ്ങൾ ലഭ്യമാക്കുന്നത്. അൽ ഖുറൈബ്, അൽ റഈസ്, അൽഖോർ എന്നിവിടങ്ങളിലായി മൂന്ന് അധിക വിൽപന കേന്ദ്രങ്ങൾ തുറക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.