സൈബർ തട്ടിപ്പിൽ വീഴരുതേ; സൈബർ കുറ്റകൃത്യങ്ങളിൽ 88 ശതമാനം വർധനവ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക

ദോഹ: മിഡിലീസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും രാജ്യക്കാരെ ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പുകൾ സജീവമാവുമ്പോൾ ജാഗ്രത പാലിച്ചാൽ പണം നഷ്ടമാവാതെ സുരക്ഷിതാരാവാം. ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളെയും താമസക്കാരെയും ലക്ഷ്യമിട്ടും ഇത്തരം തട്ടിപ്പുകൾ സജീവമാണ്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും, ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പലരും ആശങ്ക പങ്കുവെക്കുന്നു.

വിവിധ കമ്പനികളുടെയും മറ്റും പേരിൽ സന്ദേശം ലഭിക്കുകയും പണം കവരുകയും ചെയ്യുന്നതായി ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ഈയിടെ ഒരു തട്ടിപ്പിന് ഇരയായി 2700 റിയാലാണ് അക്കൗണ്ടിൽ നിന്നും നഷ്ടമായതെന്നും പ്രദേശവാസി പറഞ്ഞു. ഷിപ്പിംഗ് രംഗത്തെ ആഗോള ഭീമനായ ഡി.എച്ച്.എല്ലിൽ നിന്നുള്ള സന്ദേശം രൂപത്തിലാണ് തട്ടിപ്പ് അരങ്ങേറിയത്.

യഥാർത്ഥമാണെന്ന് തോന്നിപ്പിക്കും രീതിയിലാണ് ഇത്തരം സന്ദേശങ്ങളെന്നും, ഓർഡർ ഉണ്ടെന്നും ഡ്യൂട്ടി അടക്കണമെന്നും പറഞ്ഞാണ് സന്ദേശമെത്തിയതെന്നും, പണമടച്ചതോടെ പിന്നീട് വിവരമില്ലെന്നും ഇക്കാര്യത്തിൽ ബാങ്കുകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സൽമ എന്ന വ്യക്തിയെ ഉദ്ധരിച്ച് ‘ദോഹ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

ആഫ്രിക്കയിലെയും മിഡിലീസ്റ്റിലെയും രാജ്യങ്ങളിലും തുർക്കി പോലുള്ള രാജ്യങ്ങളിലും ഇത്തരം തട്ടിപ്പുകൾ അധികരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖത്തറിൽ മാത്രം ഈ വർഷം ആദ്യപാദത്തിൽ സൈബർ ആക്രമണങ്ങളിൽ 88 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വ്യാജ സന്ദേശങ്ങളിൽ സംശയിക്കാത്ത ഇരകളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ വിലസുന്നത്. ഡിജിറ്റൽ തട്ടിപ്പ് വീരന്മാർ കോർപറേറ്റ് കമ്പനികളിലെ ജീവനക്കാർക്കും വ്യാജ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും, എച്ച്.ആർ വകുപ്പിൽ നിന്നുള്ള സന്ദേശങ്ങളെന്ന പോലെ വരുന്ന ഇത്തരം തട്ടിപ്പുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൈബർ സുരക്ഷയിലെ പ്രമുഖരായ കാസ്‌പെർസ്‌കി പറയുന്നു.

നിയമാനുസൃതം എന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ജീവനക്കാർക്കിടയിലെത്തുന്ന ഇത്തരം വ്യാജ ഇ-മെയിലുകൾ സൂക്ഷമ പരിശോധനക്ക് വിധേയമാക്കിയാൽ മാത്രമേ തട്ടിപ്പ് മനസ്സിലാകുകയുള്ളൂവെന്നതിനാൽ അധികപേരും ഇതിൽ കുരുങ്ങുന്നുണ്ട്.സൈബർ തട്ടിപ്പ് ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യക്തികൾക്കും ഇടപാടുകൾക്കും വിശ്വസനീയ സുരക്ഷാ പരിഹാരം ഉറപ്പാക്കാനും, ഇടപാടുകൾക്ക് മുമ്പ് വെബ്‌സൈറ്റുകളുടെ ആധികാരികത സാധൂകരിക്കാനും നിരന്തരം ബോധവൽക്കരണങ്ങൾ അധികൃതർ നൽകുന്നുണ്ട്. അവധിക്കാലം ചെലവഴിക്കുന്നതിന് ഹോട്ടലുകളും മറ്റും ബുക്ക് ചെയ്യുന്നതിന് പ്രശസ്തമായ യാത്രാബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും എയർലൈനുകളുടെയും ഹോട്ടലുകളുടെയും വെബ്‌സൈറ്റുകളും ഉപയോഗിക്കണമെന്നും,

സംശയാസ്പദമായി തോന്നുന്നതോ, സ്വകാര്യ വിവരങ്ങൾ കൂടുതലായി ആവശ്യപ്പെടുന്നതോടെ ആയ വെബ്‌സൈറ്റുകളെയും സന്ദേശങ്ങളെയും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും അധികൃതർ അറിയിക്കുന്നു.

Tags:    
News Summary - 88 percent increase in cybercrime; Public beware

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.