ദോഹ: മതേതരത്വം, ബഹുസ്വരത, ജനാധിപത്യം തുടങ്ങിയ സ്വത്വങ്ങളെ കോർത്തിണക്കി ഇന്ത്യയെന്ന രാജ്യത്തെ വിഭാവനം ചെയ്ത സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കാതെ പൗരന്മാർക്ക് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ സാധിക്കില്ലെന്ന് ഫോക്കസ് സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു.
ജാതി-മത-വേഷ-ഭാഷകൾക്കതീതമായി എല്ലാവരെയും ചേർത്തുനിർത്തി ഒരുമയോടെ ജീവിക്കാൻ ആവശ്യമായ മുഴുവൻ നിയമങ്ങളും ഉൾപ്പെടുത്തിയ സമുന്നതമായ ഭരണഘടന നിർമിക്കാനും അക്കാലത്തെ രാഷ്ട്രനേതാക്കൾ ശ്രദ്ധ ചെലുത്തി. ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ രാജ്യത്തെ ഭരണഘടന മുന്നോട്ടുവെക്കുന്ന ഐക്യവും അഖണ്ഡതയും നാനാത്വത്തിൽ ഏകത്വവും കാത്തു സൂക്ഷിക്കാൻ പൗരന്മാർ ബാധ്യസ്ഥരാണ്.
അതിനായി രാഷ്ട്രീയ ബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള യുവജന സംഘടനകൾ ശ്രമിക്കേണ്ടതുണ്ടെന്നും സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ ‘വി ദ പീപ്ൾ’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ.സി.സി മുംബൈ ഹാളിൽ നടത്തിയ സൗഹൃദ സദസ്സിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് സലീം നാലകത്ത് (കെ.എം.സി.സി), ഇ.എം. സുധീർ (സംസ്കൃതി ഖത്തർ).
ഡോ. താജ് ആലുവ (കൾചറൽ ഫോറം), കെ.എൻ. സുലൈമാൻ മദനി (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ), അഷ്റഫ് നന്നമുക്ക് (ഇൻകാസ് ഖത്തർ) തുടങ്ങിയവർ സംസാരിച്ചു. ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സി.എഫ്.ഒ സഫീറുസ്സലാം അധ്യക്ഷത വഹിച്ചു. ഇവന്റ്സ് മാനേജർ മൊയ്തീൻ ഷാ വിഷയമവതരിപ്പിച്ചു.
അഡ്മിൻ മാനേജർ അമീനുർറഹ്മാൻ എ.എസ്, മാർക്കറ്റിങ് മാനേജർ ഹമദ് ബിൻ സിദ്ദീഖ് എന്നിവർ സംസാരിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ സമാപിച്ചു. ഫാഇസ് എളയോടൻ, റാഷിക് ബക്കർ, നാസർ ടി.പി, ഷജീഹ്, ഡോ. റസീൽ മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.