'പപ്പാ വീട്ടിലേക്ക്​ വാ, കയറിൽ കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...'

ദോഹ: പണവും പ്രതാപവും ഏറെയുണ്ടായിരുന്നു അയാൾക്ക്​. പലവിധ പ്രതിസന്ധികളാൽ എല്ലാം നഷ്​ടപ്പെട്ട്​ ഒടുവിൽ ഖത്തറിൽ പ്രവാസിയാണ്​ ആ പത്തനംതിട്ട സ്വദേശി ഇന്ന്​. ഇപ്പോൾ കോവിഡും അതിജീവിതത്തിന്​ മുന്നിൽ തടസ്സമായി നിന്നു.

നിത്യജീവിതത്തിന്​ പോലും പണമില്ല. നാട്ടിൽ സാമ്പത്തികപ്രയാസങ്ങൾ ഒരുപാട്​. നാട്ടിലേക്ക്​ വിളിക്കു​േമ്പാൾ കുഞ്ഞുമകൻ അയാളോട്​ എന്നും പറയും 'പപ്പാ, പപ്പ ഗൾഫിൽ നിന്നാൽ കൊറോണ പിടിക്കും, വീട്ടിലേക്ക്​ വാ... കയറിൽ കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...' തിരിച്ചെത്തുന്ന പ്രവാസിയെ നാട്ടിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾക്കിടയിലും ഇത്തരം സ്​നേഹകഥകൾ കൂടി പങ്കുവെക്കുന്നുണ്ട്​ പ്രവാസലോകം.

അയാളുടെ കഥയറിഞ്ഞ ഗൾഫ്​ മാധ്യമം - മീഡിയവൺ മിഷൻ വിങ്​സ്​ ഓഫ്​ കംപാഷൻ പദ്ധതി കമ്മിറ്റി അംഗം നാസർ ആലുവ ഇടപെട്ട്​​ നാട്ടിലേക്കുള്ള സൗജന്യ വിമാനടിക്കറ്റ്​ പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയുടെ ചാർ​ട്ടേർഡ്​ വിമാനത്തിൽ ഏർപ്പാടാക്കിക്കൊടുത്തു.

ബുധനാഴ്​ച രാവിലെയുള്ള വിമാനത്തിൽ അയാൾ കൊച്ചിയിലേക്ക്​ യാത്ര തിരിക്കും. പ്രതിസന്ധി തീർന്ന്​ ഉടൻ തിരിച്ചുവരാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. പ്രവാസം നൽകിയ നന്മകൾ അയാൾ മനസ്സിലെന്നും താലോലിക്കും. പ്രിയപ്പെട്ട മകൻെറ വാക്കുകളാണ്​ നാട്ടിലേക്ക്​ തിരിക്കാൻ അയാൾക്ക്​ കൂടുതൽ കരുത്തുപകരുന്നത്​.

പ്രവാസ ലോകത്തുനിന്ന്​ റബർ ടാപ്പിങ്ങിലേക്ക്​

പത്തനംതിട്ട കോന്നി സ്വദേശിയാണ്​ ഈ 58കാരൻ. വർഷങ്ങൾക്കുമുമ്പ്​ ദുബൈയിലും പിന്നീട്​ ഖത്തറിലും കെട്ടിടനിർമാണമേഖലയിലെ അറിയപ്പെടുന്ന കമ്പനിയിലെ ഉദ്യോഗസ്​ഥനായിരുന്നു. മികച്ച ശമ്പളവും മെച്ചപ്പെട്ട സൗകര്യങ്ങളുമായി കഴിഞ്ഞുവന്ന അദ്ദേഹത്തിൻെറ ജീവിതം പി​െന്ന താളംതെറ്റി. സഹായം ചോദിച്ചുവരുന്നവരെയൊന്നും അയാൾ മടക്കിവിട്ടില്ല.

ചോദിക്കുന്നതിൻെറ ഇരട്ടി കൊടുത്തു. ഇതിനിടയിൽ നാട്ടിലും വിവിധ സന്നദ്ധസ്​ഥാപനങ്ങളുമായി സഹകരിച്ച്​ സാമ്പത്തിക സഹായങ്ങൾ ചെയ്​തു. വലിയ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം സഹോദരങ്ങളെയും ഇഷ്​ടം പോലെ സഹായിച്ചു. അയാളുടെ ഭൂ സ്വത്തിൽ നിന്നുള്ള ആദായങ്ങളടക്കം സഹോദരങ്ങൾ ഉപയോഗിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ഇതിനിടയിൽ കല്യാണം കഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. ഒരാൺകുട്ടിയെ ദത്തെടുത്തുവളർത്തി. സാമ്പത്തിക​വിഷയത്തിൽ സൂക്ഷ്​മത വേണമെന്ന്​ ഭാര്യ പലകുറി മുന്നറിയിപ്പ്​ നൽകിയെങ്കിലും അയാൾ കേട്ടില്ല. ഒടുവിൽ വിവാഹമോചനത്തിലെത്തി.

നാട്ടിലുള്ള സ്വത്തുവകകളെല്ലാം അപ്പോഴേക്കും കേസും നിയമനടപടികൾക്കും മറ്റുമായി നഷ്​ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വത്തുക്കൾ നശിച്ചതോടെ സഹോദരങ്ങളടക്കം തിരിഞ്ഞുനോക്കാതെയായി. ഒടുവിൽ നാട്ടിൽ തിരിച്ചെത്തി റബർ ടാപ്പിങ്ങടക്കമുള്ള പണികൾക്കിറങ്ങി. മുൻഭാര്യ മറ്റൊരു വിവാഹം കഴിച്ചതോടെ ഇയാളും മറ്റൊരു സ്​ത്രീയെ വിവാഹം ചെയ്​തു. അതിൽ രണ്ട്​ ആൺകുട്ടികളുണ്ടായി. ദത്തെടുത്ത കുട്ടിയും ഇവർക്കൊപ്പമുണ്ട്​.

കടബാധ്യതയാൽ നാട്ടിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ഖത്തറിലേക്ക്​ ത​െന്ന മടങ്ങേണ്ടിവന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി സംഘടിപ്പിച്ച്​ പതിയെ നാട്ടിലുള്ള ബാധ്യതകൾ തീർക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴേക്കും കോവിഡ്​ എന്ന കുരുക്കുമുണ്ടായി. ശാരീരിക പ്രശ്​നമടക്കമുള്ളതിനാലും ഓഫിസിൽ കോവിഡ്​ ഭീഷണി ഉള്ളതിനാലും പിന്നെ ജോലിക്ക്​ പോകാനായില്ല.

കിടക്കു​േമ്പാൾ ശ്വാസതടസ്സം ഇല്ലാതിരിക്കാൻ പ്രത്യേക ഉപകരണം ശരീരത്തിൽ ഘടിപ്പിക്കണം. ഇ​െല്ലങ്കിൽ ഉറക്കത്തിനി​െട ശ്വാസംകിട്ടാത്ത അവസ്​ഥ വരും. മാസങ്ങളായി സന്നദ്ധസംഘടനകളുടെ ഭക്ഷണക്കിറ്റിനെ ആശ്രയിച്ചാണ്​ ജീവിതം. ചെലവിന്​ പണം പോലുമില്ല. പ്രവാസത്തിൽ നിന്ന്​ തൽക്കാലത്തേക്കെങ്കിലുമുള്ള ഈ തിരിച്ചുപോക്കിനിടയിൽ അയാൾ ഒരുപാട്​ ജീവിതപാഠങ്ങളാണ്​ പഠിച്ചുതീർത്തത്​. 

Tags:    
News Summary - a sad story of expat in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.