'പപ്പാ വീട്ടിലേക്ക് വാ, കയറിൽ കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...'
text_fieldsദോഹ: പണവും പ്രതാപവും ഏറെയുണ്ടായിരുന്നു അയാൾക്ക്. പലവിധ പ്രതിസന്ധികളാൽ എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ ഖത്തറിൽ പ്രവാസിയാണ് ആ പത്തനംതിട്ട സ്വദേശി ഇന്ന്. ഇപ്പോൾ കോവിഡും അതിജീവിതത്തിന് മുന്നിൽ തടസ്സമായി നിന്നു.
നിത്യജീവിതത്തിന് പോലും പണമില്ല. നാട്ടിൽ സാമ്പത്തികപ്രയാസങ്ങൾ ഒരുപാട്. നാട്ടിലേക്ക് വിളിക്കുേമ്പാൾ കുഞ്ഞുമകൻ അയാളോട് എന്നും പറയും 'പപ്പാ, പപ്പ ഗൾഫിൽ നിന്നാൽ കൊറോണ പിടിക്കും, വീട്ടിലേക്ക് വാ... കയറിൽ കെട്ടിയാണേലും ഞാൻ ഭക്ഷണം തരാം...' തിരിച്ചെത്തുന്ന പ്രവാസിയെ നാട്ടിൽ ഒറ്റപ്പെടുത്തുന്ന സംഭവങ്ങൾക്കിടയിലും ഇത്തരം സ്നേഹകഥകൾ കൂടി പങ്കുവെക്കുന്നുണ്ട് പ്രവാസലോകം.
അയാളുടെ കഥയറിഞ്ഞ ഗൾഫ് മാധ്യമം - മീഡിയവൺ മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതി കമ്മിറ്റി അംഗം നാസർ ആലുവ ഇടപെട്ട് നാട്ടിലേക്കുള്ള സൗജന്യ വിമാനടിക്കറ്റ് പ്രവാസി കോഓഡിനേഷൻ കമ്മിറ്റിയുടെ ചാർട്ടേർഡ് വിമാനത്തിൽ ഏർപ്പാടാക്കിക്കൊടുത്തു.
ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ അയാൾ കൊച്ചിയിലേക്ക് യാത്ര തിരിക്കും. പ്രതിസന്ധി തീർന്ന് ഉടൻ തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസം നൽകിയ നന്മകൾ അയാൾ മനസ്സിലെന്നും താലോലിക്കും. പ്രിയപ്പെട്ട മകൻെറ വാക്കുകളാണ് നാട്ടിലേക്ക് തിരിക്കാൻ അയാൾക്ക് കൂടുതൽ കരുത്തുപകരുന്നത്.
പ്രവാസ ലോകത്തുനിന്ന് റബർ ടാപ്പിങ്ങിലേക്ക്
പത്തനംതിട്ട കോന്നി സ്വദേശിയാണ് ഈ 58കാരൻ. വർഷങ്ങൾക്കുമുമ്പ് ദുബൈയിലും പിന്നീട് ഖത്തറിലും കെട്ടിടനിർമാണമേഖലയിലെ അറിയപ്പെടുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. മികച്ച ശമ്പളവും മെച്ചപ്പെട്ട സൗകര്യങ്ങളുമായി കഴിഞ്ഞുവന്ന അദ്ദേഹത്തിൻെറ ജീവിതം പിെന്ന താളംതെറ്റി. സഹായം ചോദിച്ചുവരുന്നവരെയൊന്നും അയാൾ മടക്കിവിട്ടില്ല.
ചോദിക്കുന്നതിൻെറ ഇരട്ടി കൊടുത്തു. ഇതിനിടയിൽ നാട്ടിലും വിവിധ സന്നദ്ധസ്ഥാപനങ്ങളുമായി സഹകരിച്ച് സാമ്പത്തിക സഹായങ്ങൾ ചെയ്തു. വലിയ കുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹം സഹോദരങ്ങളെയും ഇഷ്ടം പോലെ സഹായിച്ചു. അയാളുടെ ഭൂ സ്വത്തിൽ നിന്നുള്ള ആദായങ്ങളടക്കം സഹോദരങ്ങൾ ഉപയോഗിച്ചെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. ഇതിനിടയിൽ കല്യാണം കഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. ഒരാൺകുട്ടിയെ ദത്തെടുത്തുവളർത്തി. സാമ്പത്തികവിഷയത്തിൽ സൂക്ഷ്മത വേണമെന്ന് ഭാര്യ പലകുറി മുന്നറിയിപ്പ് നൽകിയെങ്കിലും അയാൾ കേട്ടില്ല. ഒടുവിൽ വിവാഹമോചനത്തിലെത്തി.
നാട്ടിലുള്ള സ്വത്തുവകകളെല്ലാം അപ്പോഴേക്കും കേസും നിയമനടപടികൾക്കും മറ്റുമായി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. സ്വത്തുക്കൾ നശിച്ചതോടെ സഹോദരങ്ങളടക്കം തിരിഞ്ഞുനോക്കാതെയായി. ഒടുവിൽ നാട്ടിൽ തിരിച്ചെത്തി റബർ ടാപ്പിങ്ങടക്കമുള്ള പണികൾക്കിറങ്ങി. മുൻഭാര്യ മറ്റൊരു വിവാഹം കഴിച്ചതോടെ ഇയാളും മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. അതിൽ രണ്ട് ആൺകുട്ടികളുണ്ടായി. ദത്തെടുത്ത കുട്ടിയും ഇവർക്കൊപ്പമുണ്ട്.
കടബാധ്യതയാൽ നാട്ടിൽ പിടിച്ചുനിൽക്കാനാകാതെ ഒടുവിൽ ഖത്തറിലേക്ക് തെന്ന മടങ്ങേണ്ടിവന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി സംഘടിപ്പിച്ച് പതിയെ നാട്ടിലുള്ള ബാധ്യതകൾ തീർക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴേക്കും കോവിഡ് എന്ന കുരുക്കുമുണ്ടായി. ശാരീരിക പ്രശ്നമടക്കമുള്ളതിനാലും ഓഫിസിൽ കോവിഡ് ഭീഷണി ഉള്ളതിനാലും പിന്നെ ജോലിക്ക് പോകാനായില്ല.
കിടക്കുേമ്പാൾ ശ്വാസതടസ്സം ഇല്ലാതിരിക്കാൻ പ്രത്യേക ഉപകരണം ശരീരത്തിൽ ഘടിപ്പിക്കണം. ഇെല്ലങ്കിൽ ഉറക്കത്തിനിെട ശ്വാസംകിട്ടാത്ത അവസ്ഥ വരും. മാസങ്ങളായി സന്നദ്ധസംഘടനകളുടെ ഭക്ഷണക്കിറ്റിനെ ആശ്രയിച്ചാണ് ജീവിതം. ചെലവിന് പണം പോലുമില്ല. പ്രവാസത്തിൽ നിന്ന് തൽക്കാലത്തേക്കെങ്കിലുമുള്ള ഈ തിരിച്ചുപോക്കിനിടയിൽ അയാൾ ഒരുപാട് ജീവിതപാഠങ്ങളാണ് പഠിച്ചുതീർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.