ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു (ഫയൽ ചിത്രം)

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കംചെയ്തുതുടങ്ങി

ദോഹ: അൽ ദആയിൻ നഗരസഭ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള കാമ്പയിന് സംയുക്ത സമിതി തുടക്കംകുറിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിനിൽ ഇതുവരെയായി 100 വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി ഉടമസ്​ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും വാഹനത്തിൽ സ്​റ്റിക്കർ പതിച്ച് മൂന്ന് ദിവസത്തിനകം ഉടമസ്​ഥർ എടുത്തുമാറ്റണമെന്നും ദോഹ മുനിസിപ്പാലിറ്റി ജനറൽ കൺേട്രാൾ ഡിപ്പാർട്ട്മെൻറ് മേധാവിയും വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി അംഗവുമായ ഹമദ് സുൽതാൻ അൽ ശഹ്​വാനി പറഞ്ഞു.

ദആയിൻ നഗരസഭ പരിധിയിൽ ഇതുവരെയായി 100 വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി അടയാളപ്പെടുത്തിയതായും ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ഉടൻ തന്നെ അവ നീക്കം ചെയ്യുമെന്നും ഹമദ് അൽ ശഹ്​വാനി കൂട്ടിച്ചേർത്തു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിന്‍റെ ഭാഗമായുള്ള പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊതുശുചിത്വം സംബന്ധിച്ച 2017ലെ 18ാം നമ്പർ നിയമമനുസരിച്ച് നിയമനടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും വാഹനങ്ങൾ പൊതു ഇടങ്ങളിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്​തമാക്കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ അംഗീകാരത്തിന് ശേഷം ഈ വർഷമാണ് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി നടപടികൾ കൂടുതൽ ഊർജിതമാക്കിയത്. 2021ലെ 91ാം നമ്പർ മന്ത്രാലയ ഉത്തരവ് പ്രകാരം മേജർ ജനറൽ അലി സൽമാൻ അൽ മുഹന്നദി അധ്യക്ഷനായി സമിതി പുനഃസംഘടിപ്പിച്ചിരുന്നു.

Tags:    
News Summary - Abandoned vehicles began to be removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.