ദോഹ: ലോകകപ്പ് വേളയിൽ അർജന്റീന ടീമിന് നൽകിയ ആതിഥ്യത്തിൽ ഖത്തർ യൂനിവേഴ്സിറ്റിക്ക് നിറഞ്ഞ പ്രശംസയുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) പ്രസിഡന്റ് ക്ലോഡിയോ ടാപിയ. ഖത്തർ വേദിയൊരുക്കിയ 2002ഫിഫ ലോകകപ്പിൽ ലയണൽ മെസ്സി നയിച്ച അർജന്റീന ടീമിന്റെ താവളം ഖത്തർ യൂനിവേഴ്സിറ്റി ഹോസ്റ്റലായിരുന്നു. അർജന്റീന ടൂർണമെന്റിൽ ചാമ്പ്യന്മാരാവുകയും ചെയ്തു.
ബ്വേനസ് എയ്റിസിൽ കഴിഞ്ഞദിവസം നടന്ന വാർത്തസമ്മേളനത്തിലാണ് ടാപിയ ഖത്തർ യൂനിവേഴ്സിറ്റി ടീമിനൊരുക്കിയ സജ്ജീകരണങ്ങളെയും ആതിഥ്യത്തെയും പ്രകീർത്തിച്ചത്. ‘അർജന്റീന ടീം ഖത്തറിലെത്തിയ നിമിഷം മുതൽ ഖത്തർ യൂനിവേഴ്സിറ്റി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനും ലോക ചാമ്പ്യന്മാരാവാനുമുള്ള വഴികളിലേക്ക് അതേറെ സഹായകമാകുകയും ചെയ്തു’ -ടാപിയ പറഞ്ഞു.
ലോകകപ്പിൽ ഖത്തർ, അർജന്റീന, സ്പെയിൻ ടീമുകൾ തങ്ങളുടെ താവളമായി ഖത്തർ യൂനിവേഴ്സിറ്റി തെരഞ്ഞെടുക്കുകയായിരുന്നു. ലോകോത്തര നിലവാരത്തിലുള്ള മൂന്ന് ഓപൺ സ്പോർട്സ് കോംപ്ലക്സുകളടക്കം മികച്ച സൗകര്യങ്ങളാണ് യൂനിവേഴ്സിറ്റിയിൽ ഉണ്ടായിരുന്നത്. ഓപൺ എയറിൽ പരിശീലനം നടത്താനുള്ള സൗകര്യം ഇതുവഴി ലഭ്യമായി. ഹോസ്റ്റലിലെ താമസ സൗകര്യവും ടീം ഏറെ ആസ്വദിച്ചു. മെസ്സി താമസിച്ച ഹോസ്റ്റൽ മുറി മിനി മ്യൂസിയമാക്കി മാറ്റാൻ ഖത്തർ യൂനിവേഴ്സിറ്റി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.