ദോഹ: വൻകരയുടെ കളിയുത്സവത്തിന് വെള്ളിയാഴ്ച പന്തുരുളുമ്പോൾ ലുസൈലിനും കതാറക്കും ദോഹ എക്സ്പോ വേദിക്കുമൊപ്പം ആഘോഷമിടാൻ ഒരുങ്ങി മുശൈരിബും. ഏഷ്യ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ ആയിരത്തോളം മാധ്യമപ്രവർത്തകർക്ക് സൗകര്യമൊരുക്കുന്ന മെയിൽ മീഡിയ സെന്റർ വേദിയായ മുശൈരിബിൽ ഡൗൺ ടൗൺ കേന്ദ്രീകരിച്ചും വിവിധ പരിപാടികളാണ് ഒരുക്കുന്നത്.
ഖത്തറിന്റെ സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് രൂപകൽപന ചെയ്ത മുശൈരിബ് ഡൗൺടൗണിലായിരിക്കും ടൂർണമെന്റിന്റെ പ്രധാന മാധ്യമകേന്ദ്രം.
ഡൗൺടൗണിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാനമായ സ്ഥാനവും അന്തർദേശീയ മാധ്യമപ്രവർത്തകർക്കും ബ്രോഡ്കാസ്റ്റർമാർക്കും ലോകമെമ്പാടുമുള്ള കാഴ്ചക്കാരുമായി ബന്ധപ്പെടാനും മത്സരങ്ങളുടെ വിപുലമായ കവറേജ് ആളുകളിലേക്ക് എത്തിക്കാനും മികച്ച സൗകര്യമൊരുക്കുന്നു. പങ്കെടുക്കുന്ന 24 രാജ്യങ്ങളിലെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ സന്ദർശകർക്ക് പരിചയപ്പെടുത്തുന്ന സിക്കത്ത് വാദി മുശൈരിബ് ഏഷ്യൻ സിക്ക എന്നറിയപ്പെടും. ഇവിടെ ആരാധകർക്ക് തനത് പാചകരീതികൾ ആസ്വദിക്കാനും പരമ്പരാഗത കരകൗശല നിർമാണം അടുത്തറിയാനും കലാകാരന്മാരുടെ പ്രകടനങ്ങളും പ്രദർശനങ്ങളും ആസ്വദിക്കാനും അവസരമൊരുക്കും.
സാഹത് വാദി മുശൈരിബിലെ ഹ്യൂമൻ ഫുട്ബാൾ അറീനയിൽ ആരാധകർക്കിടയിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കും. പ്ലേ-ബൈ-പ്ലേ കമന്ററിയും സംഗീതവുമുൾപ്പെടുന്ന തത്സമയ വിനോദപരിപാടികളും ഇവിടെ സംഘടിപ്പിക്കും. ബറാഹത് മുശൈരിബിൽ കൂറ്റൻ സ്ക്രീനിൽ മത്സരങ്ങൾ പ്രദർശിപ്പിക്കും. മത്സരസമയം മുഴുവൻ ബറാഹയും പൊതുജനങ്ങൾക്ക് വേണ്ടി അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.