ദോഹ: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സെമിയിൽ ഖത്തറിൽ അൽ ദുഹൈൽ എസ്.സിയും നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ സൗദിയിൽനിന്നുള്ള അൽ ഹിലാൽ എഫ്.സിയും ഏറ്റുമുട്ടും. വ്യാഴാഴ്ച രാത്രി നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സൗദി ക്ലബ് അൽ ഷബാബിനെ 2-1ന് തോൽപിച്ചാണ് മുൻ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈൽ സെമിയിലേക്ക് യോഗ്യത നേടിയത്.
രണ്ടാം ക്വാർട്ടറിൽ ഇറാനിയൻ ക്ലബ് ഫൂലാദിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് കരുത്തരായ അൽ ഹിലാൽ സെമിയിൽ ഇടം നേടിയത്. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെനിയൻ ഗോൾ മെഷീൻ മൈകൽ ഒലുങ്കയുടെ ഇരട്ട ഗോളിലായിരുന്നു ദുഹൈലിന്റെ വിജയം.
കളിയുടെ 77, 85 മിനിറ്റുകളിലായി താരം സ്കോർ ചെയ്തു. ഇഞ്ചുറി ടൈമിൽ സഈദ് അൽ റുബാഇയിലൂടെ അൽ ഷബാബ് മറുപടി നൽകിയെങ്കിലും കളിയുടെ ഫലം തിരുത്താൻ കഴിഞ്ഞില്ല. അൽ ജനൂബ് സ്റ്റേഡിയത്തിലെ മത്സരത്തിൽ മൗസ മരേഗയാണ് അൽ ഹിലാലിനായി സ്കോർ ചെയ്തത്.
ഞായറാഴ്ച ഖത്തർ സമയം വൈകീട്ട് ആറിന് അൽ തുമാമ സ്റ്റേഡിയത്തിലാണ് അൽ ദുഹൈൽ -അൽ ഹിലാൽ സെമി ഫൈനൽ. വിജയികൾ ഏപ്രിൽ 29ന് ജപ്പാനിൽ നടക്കുന്ന ഫൈനലിൽ ജപ്പാൻ ടീമായ ഉറാവ റെഡ് ഡയമണ്ട്സിനെ നേരിടും. ഏപ്രിൽ 29നും മേയ് ആറിനുമായി രണ്ടു പാദങ്ങളിലായാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.