ദോഹ: ഫുട്ബാളിന്റെ മഹാപൂരം കഴിഞ്ഞ മണ്ണിൽ മാസങ്ങളുടെ ഇടവേളയിൽ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ പറന്നിറങ്ങാൻ ഒരുങ്ങുന്നു. ഇന്ത്യയും ആസ്ട്രേലിയയും ഉൾപ്പെടെ കരുത്തർ വാഴുന്ന ക്രിക്കറ്റ് ഭൂപടത്തിൽ ഇടംനേടാനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ചുവടുവെപ്പായി മുൻകാല സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ട്വൻറി20 ക്രിക്കറ്റ് മാസ്റ്റേഴ്സിന് രാജ്യം വേദിയാവുന്നു. മാർച്ച് 10 മുതൽ 20 വരെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
12 രാജ്യങ്ങളിൽനിന്നുള്ള അറുപതോളം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പത്തുദിനം നീണ്ട മത്സരത്തിൽ മാറ്റുരക്കും. ഇന്ത്യ മഹാരാജാസ്, ഏഷ്യൻ ലയൺസ്, വേൾഡ് ജയൻറ് ടീമുകൾ എട്ട് മത്സരങ്ങളിലായി കളത്തിലിറങ്ങും. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീർ, ഓൾറൗണ്ടർ ഇർഫാൻ പഠാൻ, മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, ആസ്ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീ.
ഷെയ്ൻ വാട്സൻ, വിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ് തുടങ്ങിയവരാണ് ഏഷ്യൻ ടൗണിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കാനിറങ്ങിയത്. ‘ക്യൂ ടിക്കറ്റ്സ്’ വഴി സൂപ്പർ താരങ്ങളുടെ മത്സരങ്ങൾക്ക് സാക്ഷിയാവാൻ ആരാധകർക്ക് അവസരമുണ്ട്. ദിവസവും വൈകീട്ട് 5.30നാണ് കളി. 25, 50, 75,100, 150 റിയാൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്.
ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷനാണ് ഇത്തവണ ഖത്തർ വേദിയാവുന്നത്. ലോകതാരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിന് വേദിയൊരുക്കാൻ കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ആൽഥാനി പറഞ്ഞു.
രാജ്യത്തെ ക്രിക്കറ്റ് പ്രചാരണത്തിൽ ലീഗ് നിർണായക സാന്നിധ്യമാവുമെന്നും ഗൾഫ് മേഖലയിലെ മുഴുവൻ ആരാധകർക്കും തങ്ങളുടെ പ്രിയ താരങ്ങളുടെ പ്രകടനം നേരിൽ കാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മഹാരാജാസ്: ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ, എസ്. ശ്രീശാന്ത്, അശോക് ദിൻഡ, മൻവിർ ബിസ്ല, മുഹമ്മദ് കൈഫ്, പ്രവീൺ താംബെ, പർവിന്ദർ അവാന.
ഏഷ്യൻ ലയൺസ്: മിസ്ബാഹുൽ ഹഖ്, ഷാഹിദ് അഫ്രീദി, മുത്തയ്യ മുരളീധരൻ, തിസാര പെരേര, ദിൽഹാര ഫെർണാണ്ടോ, അസ്ഗർ അഫ്ഗാൻ, ഉപുൽ തരംഗ, മുഹമ്മദ് ഹഫീസ്, ശുഐബ് അക്തർ, പരസ് ഖഡ്ക, രജിൻ സാലിഹ്, അബ്ദുൽ റസാഖ്, തിലകരത്ന ദിൽഷൻ.
വേൾഡ് ജയൻറ്സ്: ക്രിസ് ഗെയ്ൽ, ലെൻഡൽ സിമ്മൺസ്, മോണ്ടി പസേർ, കെവിൻ ഒബ്രിയാൻ, ഒയിൻ മോർഗൻ, ഷെയ്ൻ വാട്സൻ, ആൽബി മോർകൽ, മോർനെ മോർകൽ, മോർനെ വാൻ വിക്, ബ്രെറ്റ് ലീ, ജാക് കാലിസ്, റോസ് ടെയ്ലർ, ആരോൺ ഫിഞ്ച്, ഹാഷിം ആംല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.