ദോഹ: തിങ്കളാഴ്ച തുടക്കം കുറിച്ച ദുബൈ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ആദ്യ ദിനം മുതൽ താരമായി ഖത്തർ എയർവേസിന്റെ നിർമിത ബുദ്ധി കാബിൻ ക്രൂ. വ്യോമയാന ചരിത്രത്തിൽ ആദ്യമായി എ.ഐ കാബിൻ ക്രൂവിനെ അവതരിപ്പിച്ച ഖത്തർ എയർവേസിന്റെ മേഖലയിലെ ആദ്യ പ്രദർശനത്തിന് കൂടിയാണ് ദുബൈ വേദിയാകുന്നത്. വിമാനത്തിൽ കയറുമ്പോൾ യാത്രക്കാരെ സ്വഗതം ചെയ്യുന്ന എയർഹോസ്റ്റസുമാർക്ക് പകരമാവാനുള്ള മിടുക്കുമായി തലയുയർത്തി നിൽക്കുന്ന ‘സമാ 2.0’ ആണ് ദുബൈ എ.ടി.എമ്മിലെ താരം. ട്രാവൽമാർട്ടിൽ സന്ദർശകരായി എത്തുന്നവരുടെ ചോദ്യങ്ങൾക്ക് അപ്പപ്പോൾ മറുപടി നൽകുകയാണ് ‘സമാ’. വിമാന യാത്രയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമല്ല, ഒരു പ്രദേശത്ത് വന്നിറങ്ങുന്ന യാത്രക്കാരന് അവിടെ എന്തെല്ലാം കാഴ്ചകൾ കാണാനുണ്ടാകും എന്നതടക്കം ഈ ‘എ.ഐ മിടുക്കി’ പറഞ്ഞുകൊടുക്കുന്നുണ്ട്.
ദോഹയിലെ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ‘സമാ’ ഇതിനകം തന്നെ അന്താരാഷ്ട്ര ട്രാവൽ മേഖലയിൽ താരമായി കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ വിമാനത്തിനകത്തും എ.ഐ എയർഹോസ്റ്റസുമാർ സ്ഥാനം പിടിക്കുമെന്നാണ് ട്രാവൽമേഖലയിലുള്ളവരുടെ വിലയിരുത്തൽ. എല്ലാ മേഖലകളിലും നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിലാണ് ഖത്തർ എയർവേസ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. മാർച്ചിൽ ജർമൻ നഗരമായ ബർലിനിൽ നടന്ന ടൂറിസം മേളയിലാണ് ‘സമാ’ അധികൃതർ പുറത്തിറക്കിയത്. ക്യൂ വേഴ്സ് പ്ലാറ്റ്ഫോം വഴിയും യാത്രക്കാർക്ക് ‘സമാ’യുടെ സേവനം ലഭ്യമാണ്.
ആറിന് തുടങ്ങി വ്യാഴാഴ്ച വരെ നീണ്ടു നിൽക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നിരവധി സവിശേഷതകളോടെയാണ് ഖത്തർ എയർവേസ് പവലിയൻ സന്ദർശകരെ സ്വാഗതംചെയ്യുന്നത്. ലോകത്തെ ഒന്നാം നമ്പർ എയർലൈൻസായി തെരഞ്ഞെടുക്കപ്പെട്ട ഖത്തർ എയർവേസിന്റെയും മികച്ച വിമാനത്താവളമായി മാറിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും വെർച്വൽ റിയാലിറ്റി ടൂറും ഒരുക്കിയിട്ടുണ്ട്. കാബിൻ ഇൻറീരിയർ യാത്ര, അവാർഡ് നേടിയ ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് കാബിനുകളിലെ യാത്ര എന്നിവക്കൊപ്പം ഹമദിലെ ഓർച്ചാഡ് ഉൾപ്പെടെ ആഡംഭര സൗകര്യങ്ങളും പരിചയപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.