ദോഹ: ഖത്തറിൽനിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര ദുരിതമാക്കി വിമാന നിരക്ക് പിടിതരാതെ കുതിക്കുന്നു. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാനിരക്കുകൾ സീസണും ഓഫ് സീസണുമില്ലാതെ കഴിഞ്ഞ ഏതാനും മാസമായി കുതിച്ചുയരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി യാത്രക്കാർക്ക് തീരാദുരിതമാവുകയാണ്.
കഴിഞ്ഞ വർഷം ലോകകപ്പ് തിരക്കിന്റെ ഭാഗമായിരുന്നു വിമാന യാത്രാനിരക്ക് ഉയർന്നതെങ്കിലും ഡിസംബറിൽ കളി കഴിഞ്ഞിട്ടും കുതിച്ചുയർന്ന ടിക്കറ്റ് നിരക്കിൽ ഇളവുകളില്ല. ഓഫ് സീസണായ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി ഉൾപ്പെടെയുള്ള കേരളത്തിലെ നഗരങ്ങളിൽനിന്ന് ദോഹയിലേക്കുള്ള വിമാന നിരക്ക് ശരാശരി 30,000 രൂപക്കു മുകളിലായിരുന്നു. ജനുവരിയോടെ, ഹയ്യാ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നതും വിമാനക്കമ്പനികൾ കൊള്ളയടിക്കുള്ള മാർഗമാക്കിയതോടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് വിമാന ടിക്കറ്റിനായി മാറ്റിവെക്കേണ്ട അവസ്ഥയിലാണ് പ്രവാസി യാത്രികർ.
ലോകകപ്പ് വേളയിൽ പ്രഖ്യാപിച്ച ഹയ്യാ കാർഡ് വഴി വിദേശ ആരാധകർക്ക് ബന്ധുക്കളും സുഹൃത്തുക്കളുമായി മൂന്നു പേരെ ഖത്തറിൽ എത്തിക്കാനുള്ള വഴി തെളിഞ്ഞതോടെ ജനുവരി അവസാന വാരം മുതൽ ദോഹയിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് വർധിച്ചു. ഖത്തറിൽ പ്രവാസികളായവർ കുടുംബങ്ങളെയും ലോകകപ്പ് കാണാൻ വന്ന് മടങ്ങിയവർ സുഹൃത്തുക്കളും ബന്ധുക്കളുമായും സന്ദർശനം സജീവമാക്കിയത് മുതലെടുത്തായിരുന്നു വിമാന നിരക്ക് ജനുവരി മുതൽ വീണ്ടും കുതിച്ചുകയറിയത്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ദോഹയിൽനിന്ന് നാട്ടിലേക്കുള്ളതിനേക്കാൾ ഇരട്ടിയായിരുന്നു കേരളത്തിൽനിന്ന് ഖത്തറിലേക്കുള്ള യാത്രാനിരക്ക്. ഇതിനിടയിൽ റമദാൻ, പെരുന്നാൾ, വിഷു ആഘോഷങ്ങൾ കൂടി എത്തിയതോടെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വിമാന യാത്രാനിരക്ക് വൻ തിരിച്ചടിയായി മാറുന്നു. നേരത്തേ 10,000- 15,000 രൂപ നിരക്കിൽ നാട്ടിലേക്കോ തിരികെയോ യാത്ര സാധ്യമായിരുന്നവർക്ക് ഇന്ന് ഒരു വശത്തേക്ക് മാത്രം 38,000 വരെയാണ് ടിക്കറ്റിന് ഈടാക്കുന്നത്.
നാട്ടിലേക്കുള്ള യാത്രയേക്കാൾ, തിരികെ യാത്രയാണ് കൂടുതൽ. ശനിയാഴ്ചത്തെ ബുക്കിങ് സ്റ്റാറ്റസ് പ്രകാരം ഏപ്രിൽ 20ന് ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസിന് 23,000 രൂപയാണെങ്കിൽ, അതേ ദിവസം കോഴിക്കോട്-ദോഹ യാത്രക്ക് 33,000 രൂപയാണ് നിരക്ക്. ഏപ്രിൽ 25ന് കോഴിക്കോട്-ദോഹ യാത്രക്ക് 33,000 രൂപയും ദോഹ-കോഴിക്കോട് യാത്രക്ക് 40,000 രൂപയുമാണ് വെബ്സൈറ്റിൽ കാണിക്കുന്നത്.
പെരുന്നാൾ അവധിക്ക് കുടുംബസമേതം പോകാൻ ഇരിക്കുന്നവർക്കും നാട്ടിൽ വേനലവധി ആരംഭിച്ചതിനാൽ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കും നിയന്ത്രണമില്ലാത്ത ടിക്കറ്റ് നിരക്ക് ഇടിത്തീയായി മാറുന്നു.
കേരളത്തിലേക്ക് ഖത്തർ എയർവേസും ഇന്ത്യയുടെ ബജറ്റ് എയർലൈൻസുകളായ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് സർവിസ് നടത്തുന്നത്. ഖത്തർ എയർവേസിന് പൊതുവെ ഉയർന്ന നിരക്കായതിനാൽ സാധാരണ പ്രവാസികളുടെ യാത്രക്ക് എപ്പോഴും ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് ആശ്രയം. എന്നാൽ, നിലവിൽ ഖത്തർ എയർവേസിനോളം വരുന്ന നിരക്കാണ് ഇവർ ഈടാക്കുന്നത്. നാലംഗ കുടുംബത്തിന് നാട്ടിൽ പോയി വരാൻ രണ്ടു മുതൽ മൂന്നു ലക്ഷം വരെ ചെലവഴിക്കേണ്ട അവസ്ഥയാണ്. ഒരാളുടെ മാത്രം വരുമാനത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് നാട്ടിലേക്കുള്ള യാത്ര ഇരുളടഞ്ഞ സ്വപ്നംപോലെയായി മാറുന്നു.
സീസൺ, ഓഫ് സീസൺ വ്യത്യാസമില്ലാതെ ഖത്തർ-ഇന്ത്യ യാത്രാനിരക്ക് പിടിവിട്ട് ഉയരുമ്പോൾ സ്കൂൾ അവധിക്കാലത്ത് എങ്ങനെ നാട്ടിലേക്ക് പോകും എന്ന ആലോചനയിലാണ് പ്രവാസി കുടുംബങ്ങൾ. ജൂൺ, ജൂലൈ മാസത്തിൽ മറ്റു ജി.സി.സി രാജ്യങ്ങളിലെന്നപോലെ ഖത്തറിലെയും സ്കൂളുകൾ അടക്കുമ്പോൾ നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിൽ ബാലികേറാമലയായി. ജൂൺ 15നാണ് ഖത്തറിൽ അവധി ആരംഭിക്കുന്നത്. ആഗസ്റ്റ് അവസാന വാരത്തിൽ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കും. ഇപ്പോൾ തന്നെ ടിക്കറ്റ് കുതിച്ചുയർന്ന സാഹചര്യത്തിൽ ജൂണിൽ എങ്ങനെ നാട്ടിൽ പോയി വരും എന്ന് ചോദിക്കുന്നു കോഴിക്കോടുനിന്നുള്ള സിദ്ദീഖിന്റെ നാലംഗ കുടുംബം.
ഇൻഡിഗോ എയർലൈൻസിന് ജൂൺ 20ന് കൊച്ചിയിലേക്ക് 39,000 രൂപയും ആഗസ്റ്റ് 30ന് കൊച്ചിയിൽനിന്ന് ദോഹയിലേക്ക് 29,000 രൂപയുമാണ് നിലവിലെ നിരക്ക്. ജൂൺ 20ന് ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് യാത്രയുടെ നിരക്ക് 36,000 രൂപയും. രണ്ടര മാസം മുമ്പ് തന്നെ അവധിക്കാല യാത്രയുടെ ടിക്കറ്റ് നിരക്ക് ഇതാണെങ്കിൽ, അവസാന ദിനങ്ങളിൽ എന്തായി മാറുമെന്ന് ആശങ്കയിലാണ് പ്രവാസി യാത്രികർ.
ദോഹ: ഗൾഫ് സെക്ടറിൽ ഇന്ത്യയിൽനിന്ന് ഏറ്റവും കുറവ് വിമാന സർവിസുകളുള്ള രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് നിലവിൽ സർവിസുള്ള ഇന്ത്യൻ എയർലൈൻസുകൾ. പിന്നെ ഖത്തർ എയർവേസും. എന്നാൽ, ഗൾഫ് മേഖലയിൽ ദുബൈ കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പേർ യാത്രചെയ്യുന്ന കേന്ദ്രമായി ദോഹ മാറിയപ്പോഴും കേന്ദ്ര സർക്കാർ വിമാന സർവിസുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കൂടുതൽ സർവിസിനായി 2017ൽ തന്നെ ഖത്തർ എയർവേസ് അനുമതി തേടിയെങ്കിലും നൽകിയില്ല. ഇത്തിഹാദ് ഉൾപ്പെടെ വിദേശ എയർലൈൻ കമ്പനികൾക്കും ദോഹ- ഇന്ത്യ മേഖലകളിലേക്ക് സർവിസിന് അനുമതിയില്ല. ഇന്ത്യൻ ബജറ്റ് എയർലൈൻസുകളുടെ സീറ്റും പരിമിതമാണ്.
അതേസമയം, ലോകകപ്പ് ഫുട്ബാളിൽ തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകൾക്ക് വേദിയായി ഖത്തർ മാറിയതോടെ സീസൺ -ഓഫ് സീസൺ വ്യത്യാസമില്ലാതെ തിരക്കേറിയ സെക്ടറായി ദോഹ മാറിയിട്ടുണ്ട്. ഇതിന് പരിഹാരം ബജറ്റ് എയർലൈനും വിദേശ എയർലൈനും ഉൾപ്പെടെ കൂടുതൽ കമ്പനികൾക്ക് യാത്രാനുമതി നൽകലാണെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ നിർദേശിക്കുന്നു.
പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കേന്ദ്ര വ്യോമയാന ഓഫിസിലും സംസ്ഥാന സെക്രട്ടേറിയറ്റിലും നേരിട്ടും ഖത്തർ സന്ദർശനത്തിന് എത്തുന്ന മന്ത്രിമാർ, എം.എൽ.എമാർ മുതൽ സർക്കാർ പ്രതിനിധികളുടെ പക്കലും പലവട്ടം നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ ഒരു ഫലവും കണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.