ദോഹ: നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളും സംഭവങ്ങളും പുനരാവിഷ്കരിച്ച് ക്രൈം റിപ്പോർട്ടിങ്ങിന്റ പുതുമയേറിയ ഭാവവുമായി അൽ ജസീറ ചാനൽ. ‘ട്രൂ ക്രൈം റിപ്പോർട്ട്’ എന്ന പേരിൽ വിഡിയോ പോഡ്കാസ്റ്റുകളുടെ പരമ്പരക്ക് ജനുവരി അഞ്ച് മുതൽ അൽ ജസീറ ഡിജിറ്റലിലൂടെ കാഴ്ചക്കാരിലെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളും പറയാത്ത കഥകളും പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് എ.ഐ ദൃശ്യാവിഷ്കാരത്തോടെ ക്രൈം റിപ്പോർട്ടുകൾ തയാറാക്കുന്നത്. പ്രമുഖ മാധ്യമപ്രവർത്തക ഹല്ല മൊഹിദ്ദീൻ ആണ് അവതരിപ്പിക്കുന്നത്.
നിർമിതബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങൾ സംയോജിപ്പിച്ച് കേസുകളുടെ വശങ്ങൾ, മോഷൻ ഗ്രാഫിക്സ്, വ്യക്തികളുമായുള്ള അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് അന്വേഷണാത്മക കുറ്റകൃത്യ റിപ്പോർട്ടുകൾ പ്രേക്ഷകരിലെത്തുന്നത്. അൽ ജസീറയും മെസേജ് ഹെർഡും ഒരുമിച്ചാണ് റിപ്പോർട്ടുകൾ തയാറാക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രമാദമായ ജയിൽ ചാട്ടം മുതൽ പെറുവിലെ ഗെയിം ഷോ മത്സരാർഥിയുടെ കൊലപാതകം വരെയുള്ള വൈവിധ്യമാർന്ന കേസുകളാണ് ട്രൂ ക്രൈം റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ ജസീറയുടെ യൂട്യൂബ് പോഡ്കാസ്റ്റ് ടാബിലും എല്ലാ പ്രധാന സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും അൽ ജസീറയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും 2025 ജനുവരി അഞ്ച് മുതൽ ട്രൂ ക്രൈം റിപ്പോർട്ട് ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.