ദോഹ: വിനോദസഞ്ചാര മേഖലയിലെ മികവിലേക്ക് ഖത്തറിനെ നയിക്കുന്ന ‘വിസിറ്റ് ഖത്തറിന്’ പുതുവർഷ സമ്മാനമായി അന്താരാഷ്ട്ര പുരസ്കാരങ്ങൾ. സാങ്കേതിക മികവിന് മൈക്രോസോഫ്റ്റ് എ.ഐ എക്സലൻസ്, മിന ഡിജിറ്റൽ ഗോൾഡ് പുരസ്കാരങ്ങളാണ് തേടിയെത്തിയത്. വിസിറ്റ് ഖത്തറിന്റെ ‘ജെൻ എ.ഐ ചാറ്റ്ബോട്ടിനാണ് മൈക്രോസോഫ്റ്റ് എ.ഐ എക്സലൻസ് അവാർഡ്. മികച്ച ആപ്ലിക്കേഷൻ (മൊബൈൽ, ടാബ് ലെറ്റ്), മികച്ച വെബ് പ്ലാറ്റ്ഫോം എന്നിവക്ക് മിന ഡിജിറ്റൽ അവാർഡുകളും ലഭിച്ചു.
വെബ്സൈറ്റ് രൂപത്തിലും മൊബൈൽ ആപ്ലിക്കേഷൻ രൂപത്തിലും ലഭ്യമായ വിസിറ്റ് ഖത്തർ 50 ലധികം ഭാഷകളിൽ യാത്രാ വിവരണങ്ങളും മറ്റ് സ്ഥിതിവിവരക്കണക്കുകളും നൽകുന്നതോടൊപ്പം യാത്രക്കാർക്ക് തങ്ങളുടെ യാത്ര എളുപ്പത്തിൽ ആസൂത്രണം ചെയ്യാനും അവസരമൊരുക്കുന്നതാണ്.
ജെൻ എ.ഐ ചാറ്റ്ബോട്ട് ട്രിപ് കൺസിയർജ് ഖത്തറിലേക്കുള്ള യാത്ര എളുപ്പമാക്കാൻ അതിവേഗ സേവനമാണ് നൽകുന്നത്. എ.ഐ വേൾഡ് സമ്മിറ്റിൽ അരങ്ങേറ്റം കുറിച്ച ചാറ്റ്ബോട്ടിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. പ്രത്യേകിച്ചും അറബി സംസാരിക്കുന്ന ഉപയോക്താക്കൾക്ക് കൃത്യവും പ്രസക്തവുമായ നിർദേശങ്ങൾ നൽകാനും ചാറ്റ്ബോട്ടിന് സാധിക്കുന്നു.
യാത്രാ പ്ലാനിങ്, എക്സ് ക്ലുസീവ് ഓഫറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കും വിധമാണ് ആപ് രൂപകൽപന ചെയ്തിരിക്കുന്നത്. മിനി ഡിജിറ്റൽ ഗോൾഡ് മെഡലാണ് ലഭിച്ചത്. ഉപയോക്തൃ സൗഹൃദ രൂപകൽപനക്കാണ് വെബ് പ്ലാറ്റ്ഫോം സിൽവർ അവാർഡ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.