ദോഹ: വൈവിധ്യമാർന്ന പരിപാടികളുമായി പുതുവർഷത്തിന് തുടക്കം കുറിക്കാൻ ഖത്തർ മ്യൂസിയം. കുട്ടികൾക്കും മുതിർന്നവർക്കും രസകരവും സർഗാത്മകവുമായ പരിപാടികളാണ് ഖത്തർ മ്യൂസിയം അവതരിപ്പിക്കുന്നത്. ശിൽപശാലകൾ, ക്യാമ്പുകൾ, സർഗാത്മക സെഷനുകൾ തുടങ്ങിയവയുൾപ്പെടെ നിരവധി പരിപാടികൾ ജനുവരി മാസത്തിൽ ഖത്തർ മ്യൂസിയത്തിന് കീഴിൽ നടക്കും.
ജനുവരിയിൽ പ്രതിമാസ സ്റ്റോറിടൈം, ബുക്ക് ക്ലബ്, എസ്കേപ്പ് റൂം തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്ക് ഇസ്ലാമിക് ആർട്ട് മ്യൂസിയം വേദിയാകും. ജനുവരി ആറിന് രാവിലെ 11 മുതൽ 12 വരെയാണ് ‘സ്നോവൈറ്റ്: ഒരു ഇസ്ലാമിക കഥ’ എന്ന തലക്കെട്ടിൽ കഥ പറച്ചിൽ സെഷൻ നടക്കുക. പ്രവേശനം സൗജന്യമാണെങ്കിലും സീറ്റുകൾ പരിമിതമായതിനാൽ librarymia@qm.org.qa എന്ന വിലാസത്തിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.
ഇസ്ലാമിക ലോകത്തെ പണ്ഡിതന്മാരെ പരിചയപ്പെടുത്തുന്ന എസ്കേപ്പ് റൂമിനും ഇസ്ലാമിക് ആർട്ട് മ്യൂസിയം വേദിയാകും. ജനുവരി 29ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ അറബി കാലിഗ്രഫിയുമായി ബന്ധപ്പെട്ട ശിൽപശാല നടക്കും. മിയ ഗാലറികളിലെ കാലിഗ്രഫി സൃഷ്ടികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി രണ്ടിന് ആരംഭിക്കുന്ന കഥപറച്ചിൽ സെഷനോടെ പുതുവർഷത്തെ പരിപാടികൾക്ക് മ്യൂസിയത്തിൽ തുടക്കം കുറിക്കും. വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ ‘എന്റെ ടീച്ചർ എവിടെ’ എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിയിൽ അധ്യാപകനെ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള കഥപറച്ചിലിലൂടെയുള്ള ഒരു യാത്രയായിരിക്കും. സാഹസിക യാത്രയിൽ പ്രശസ്ത ബാലസാഹിത്യങ്ങളിലൂടെയും സിനിമകളിലൂടെയും പങ്കാളികൾ സഞ്ചരിച്ചിരിക്കും. താൽപര്യമുള്ളവർ librarynmoq@qm.org.qa എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
മ്യൂസിയത്തിലെ ഗാലറികളും ശേഖരങ്ങളും ഗൈഡുകളുടെ സാന്നിധ്യത്താൽ സന്ദർശിക്കുന്ന ഡ്രോപ് ഇൻ: നാവിഗേഷൻ ലൈഫ് എന്ന പരിപാടി ജനുവരി അഞ്ചിന് രാവിലെ 11 മുതൽ 12 വരെയും (ഇംഗ്ലീഷ്) വൈകുന്നേരം നാല് മുതൽ അഞ്ച് വരെയും (അറബിക്) നടക്കും.
വൈവിധ്യമാർന്ന ശിൽപശാലകൾക്കാണ് മത്ഹഫ് വേദിയാകുന്നത്. ജനുവരി 11ന് കൗമാരക്കാർക്കുള്ള ആർട്ട് അഡ്വഞ്ചറും ജനുവരി 18ന് പെയിന്റിങ് മുതൽ കൈയെഴുത്ത് പ്രതികൾ വരെ: ജെറോമിന്റെ യാത്ര, സീയിങ് ഈസ് ബിലീവിങ്: ദി ആർട്ട് ആൻഡ് ഇൻഫ്ലുവൻസ് ഓഫ് ജെറോം എന്നിവ നടക്കും.
ജനുവരി 24നും 25നുമായി നടക്കുന്ന സോണിക് സ്പാർക്ക്: അബ്ലെട്ടൻ ഫോർ ബെഗിനേഴ്സ് ശിൽപശാലയിൽ അബ്ലെട്ടൻ എങ്ങനെ ഉപയോഗിക്കാമെന്നതിലും ശബ്ദ ക്രമീകരണം, ബീറ്റുകൾ എന്നിവയിൽ പരിശീലനം നൽകുന്നു. ഇവ കൂടാതെ ഖത്തർ മ്യൂസിയത്തിന് കീഴിലെ ഫ്യൂച്ചർ ആർട്ട് മിൽ മ്യൂസിയവും ശിൽപശാലകളും പ്രദർശനങ്ങളുമായി നിരവധി പരിപാടികൾ പുതുവർഷത്തിൽ അണിനിരത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.