ദോഹ: പക്ഷിനിരീക്ഷകരുടെയും ദേശാടന പക്ഷികളുടെയും ഇഷ്ടകേന്ദ്രങ്ങളിലൊന്നായ അൽ കരാന തടാകവും പരിസരവും പരിസ്ഥിതി വിനോദകേന്ദ്രമാക്കാൻ പദ്ധതി പ്രഖ്യാപിച്ച് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. കുടുംബങ്ങൾക്കടക്കം സന്ദർശിക്കാൻ സാധിക്കുന്ന രീതിയിൽ ഖത്തർ ടൂറിസവുമായി സഹകരിച്ച് ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയാണിതെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി പറഞ്ഞു. ഫുവൈരിത് ബീച്ചിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ പ്രധാന സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ഖത്തറിെൻറ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഫുവൈരിത് ബീച്ച്. ഫിഫ ലോകകപ്പിന് മുമ്പായി വ്യത്യസ്ത പരിസ്ഥിതി പദ്ധതികൾ നടപ്പാക്കുമെന്നും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുകയും ജൈവവൈവിധ്യം ഉറപ്പാക്കുകയുമാണ് പദ്ധതികളിലൂടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സമുദ്ര പരിസ്ഥിതി, വന്യജീവി സംരക്ഷണം, പക്ഷികൾ, വൃക്ഷങ്ങൾ തുടങ്ങി എല്ലാ മേഖലകളും ഉൾപ്പെടുത്തിയാകും പദ്ധതികളെന്നും അദ്ദേഹം സൂചിപ്പിച്ചു. 24 ലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളുന്ന മൂന്നു വലിയ കൃത്രിമ തടാകങ്ങളാണ് കരാനയിലുള്ളത്. അൽ കരാന ട്രീറ്റ്മെൻറ് പ്ലാൻറിൽ നിന്നുമാണ് ഇതിലേക്കുള്ള വെള്ളമെത്തുന്നത്. മൂന്നു ലഗൂണുകളും പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിലയിലാണുള്ളത്.
ആദ്യ ലഗൂണിൽ നിന്നും രണ്ടാമത്തേതിലേക്കും പിന്നീട് മൂന്നാമത്തേതിലേക്കും ജലമെത്തുന്ന രീതിയിലാണ് ക്രമീകരണം. ജലത്തിെൻറ ക്രമമായ ഒഴുക്കും പച്ചപ്പും മികച്ച കാഴ്ചയാണ് സമ്മാനിക്കുന്നത്. വ്യത്യസ്ത ഇനങ്ങളിലുള്ള പക്ഷികളും മത്സ്യങ്ങളും മറ്റുജീവികളും ലഗൂണുകളെ തങ്ങളുടെ ആവാസവ്യവസ്ഥയാക്കി മാറ്റിക്കഴിഞ്ഞു. പക്ഷികൾക്ക് പുറമേ, മത്സ്യങ്ങളും കരാനയിലെ തടാകങ്ങളെ തങ്ങളുടെ ആവാസ വ്യവസ്ഥയാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഓസ്പ്രേ, വാട്ടർ പിപിറ്റ്, പർപ്പിൾ ഹെറോൺ, കെസ്ട്രൽ തുടങ്ങിയ പ്രധാന ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രമാണ് ഇപ്പോൾ കരാന. ദോഹയിൽനിന്നും തെക്കു പടിഞ്ഞാറ് ഭാഗത്ത് 60 കിലോമീറ്റർ ദൂരത്താണ് കരാന സ്ഥിതി ചെയ്യുന്നത്.
അതേസമയം, ഊർജ, ഗതാഗത, പുനരുപയോഗ മേഖലകളിൽ കാർബൺ പുറന്തള്ളപ്പെടുന്നത് കുറക്കാനുള്ള നടപടികൾ തുടരുകയാണെന്നും 2030ഓടെ ഹരിതഗൃഹങ്ങളിൽനിന്നുള്ള വാതകപ്രവാഹം 25 ശതമാനം കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഫിഫ ലോകകപ്പിെൻറ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പിനായി നിരവധി പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.