ദോഹ: സൗദി അറേബ്യൻ കരുത്തരായ അൽ നസ്റിനെ അവരുടെ മണ്ണിൽ കീഴടക്കി ഖത്തറിന്റെ അൽ സദ്ദ് എ.എഫ്.സി എലൈറ്റ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ടുറപ്പിച്ചു. വെസ്റ്റ് റീജ്യൻ മത്സരത്തിൽ തങ്ങളുടെ ആറാം അങ്കത്തിനിറങ്ങിയ അൽ സദ്ദ് 2-1നാണ് അൽ നസ്റിനെ വീഴ്ത്തിയത്. റിയാദിലെ കിങ് സുഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസ്ർ കളിച്ചത്.
സാദിയോ മാനെ, ബൊറോസോവിച്, ലപോർടെ തുടങ്ങി സൂപ്പർതാരങ്ങളുമായിറങ്ങിയ അൽ നസ്റിനെ കളിയുടനീളം പിടിച്ചുകെട്ടിയായിരുന്നു അൽ സദ്ദിന്റെ പ്രകടനം. 53ാം മിനിറ്റിൽ അക്രം അഫീഫിന്റെ ഗോളിലൂടെ അൽ സദ്ദ് ലീഡ് നേടി. എന്നാൽ, 80ാം മിനിറ്റിൽ പ്രതിരോധ താരം റുമൈൻ സൈസിന്റെ സെൽഫ് ഗോൾ എതിരാളികൾക്ക് കളിയിൽ ഒപ്പമെത്താൻ വഴിയൊരുക്കുന്നതായിരുന്നു.
ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ അൽ സദ്ദിന്റെ അൾജീരിയൻ താരം ആദം ഉനസ് നേടിയ ഗോളിലൂടെ സദ്ദിനെ തേടി വിജയമെത്തി. എലൈറ്റ് ലീഗിൽ ആറ് കളിയിൽ 12 പോയന്റുമായി നാലാം സ്ഥാനത്തുള്ള ഖത്തർ ടീമിന് നോക്കൗട്ട് ഇതോടെ ഏതാണ്ടുറപ്പായി. അൽ അഹ്ലി, അൽ ഹിലാൽ,അൽ നസ്ർ തുടങ്ങിയ സൗദി ടീമുകളാണ് നിലവിൽ മുൻനിരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.