ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ കലാലയമായി ഉയർന്നുവന്ന എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ സുവർണജൂബിലി വാർഷികാഘോഷം വിവിധ കലാ, സാംസ്കാരിക പരിപാടികളോടെ നടന്നു. തലമുറകളിലേക്ക് അറിവിന്റെ വെളിച്ചം പകർന്ന അഞ്ചുപതിറ്റാണ്ടിന്റെ ജൈത്രയാത്രയെ അടയാളപ്പെടുത്തിയ സാംസ്കാരിക വിരുന്നൊരുക്കിയാണ് രണ്ടുദിവസങ്ങളിലായി നീണ്ട ആഘോഷങ്ങൾ അരങ്ങേറിയത്.
ഖത്തറിലെ ഉന്നത വ്യക്തികൾ, കമ്യൂണിറ്റി നേതാക്കൾ, സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ ഉൾപ്പെടെ ഏഴായിരത്തോളം പേർ 50 വർഷത്തിന്റെ ചരിത്രയാത്ര അടയാളപ്പെടുത്തിയ ആഘോഷങ്ങൾക്ക് സാക്ഷിയായി. രണ്ടു ദിവസങ്ങളിലായി 110ഓളം സ്റ്റേജിനങ്ങളിലായി 5000ത്തോളം വിദ്യാർഥികൾ പങ്കെടുത്ത കലാവിരുന്നും ശ്രദ്ധേയമായി.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയർ പ്രൈവറ്റ് സ്കൂൾ എക്സ്പേർട്ട് സലിം അൽ നുഐമി, പ്രൈവറ്റ് സ്കൂൾ എജുക്കേഷൻ കൺസൽട്ടന്റ് അബ്ദുല്ല അൽ മൻസൂരി, മുനീർ അൽ അബ്ദുല്ല എന്നിവരും അതിഥികളായി പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അരനൂറ്റാണ്ടുകാലം വഹിച്ച പങ്കിനെ അനുസ്മരിച്ച് അംബാസഡർ വിപുൽ സംസാരിച്ചു. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം സാമൂഹിക, സാംസ്കാരിക മൂല്യവും നേതൃമികവും ഉൾപ്പെടെ പകർന്നുനൽകിയ ശക്തമായ കലാലയമാണ് എം.ഇ.എസ് എന്ന് അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ സ്കൂളിന്റെ നേട്ടങ്ങളെയും തലമുറകളായി തുടരുന്ന വിദ്യാഭ്യാസത്തിലൂടെ മികച്ച തലമുറയെ വാർത്തെടുത്ത സ്കൂളിന്റെ പ്രവർത്തനത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. അതിവേഗം വളരുന്ന ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തെ ഉൾക്കൊണ്ട് വരുംതലമുറ വളരണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടു കാലത്തെ സ്കൂളിന്റെ യാത്രയെ വിശദീകരിച്ച് സ്കൂൾ ഗവേണിങ് ബോർഡ് പ്രസിഡന്റ് ബി.എം. സിദ്ദീഖ് സംസാരിച്ചു.
ഔപചാരിക ചടങ്ങുകൾക്കു ശേഷം സ്കൂൾ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ പ്രകടനത്തിന് വേദി സാക്ഷ്യം വഹിച്ചു. ദൃശ്യവിസ്മയത്തിന്റെ അകമ്പടിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ ഹെഡ് ഗേൾ ഷെസ ഫാതിമ സ്വാഗതവും കൾചറൽ സെക്രട്ടറി എസ്. വാസുദേവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.